ഇരിട്ടി: ഒരു മാസം കഴിഞ്ഞിട്ടും മാക്കൂട്ടം ചുരം റോഡിൽ ട്രോളി ബാഗിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടി.
അന്വേഷണത്തിനായി മടിക്കേരി ജില്ലാ പോലീസ് മേധാവി രണ്ട് വ്യത്യസ്ത അന്വേഷണ സംഘത്തിന് രൂപം നൽകിയെങ്കിലും കേരളവും കർണാടകവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും സൂചനപോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സെപ്റ്റംബർ 19നാണ് മാക്കൂട്ടം ചുരം റോഡിൽ പെരുമ്പാടി ചെക്ക് പോസ്റ്റിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ റോഡരികിലെ കുറ്റിക്കാട്ടിനുള്ളിൽ ട്രോളി ബാഗിൽ രണ്ടാഴ്ചയോളം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തിയത്.
ചുരംപാതയിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജോലിക്കാരാണ് മൃതദേഹം അടങ്ങിയ ട്രോളി ബാഗ് ആദ്യം കണ്ടെത്തിയത്.
പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ 25നും 35നും ഇടയിൽ പ്രായമുള്ള യുവതിയുടേതാണെന്ന് കണ്ടെത്തിയിരുന്നു. കേരളത്തിൽനിന്നും കർണാടകത്തിൽനിന്നുമായി ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ പോകുന്നതും ജനവാസമില്ലാത്ത പ്രദേശവുമായതിനാൽ രണ്ട് സംസ്ഥാനങ്ങളും കേന്ദ്രീകരിച്ച് ഒരേ സമയം അന്വേഷണം നടത്തുന്നതിനാണ് രണ്ട് വ്യത്യസ്ത അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
രണ്ട് സംസ്ഥാനങ്ങളിലെയും ചെക്ക് പോസ്റ്റുകളിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം സംഘം പരിശോധിച്ചിരുന്നു. മൃതദേഹത്തിന്റെ പഴക്കം കണക്കാക്കി രണ്ടാഴ്ചവരെയുള്ള ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും അന്വേഷണം ഫലപ്രദമായില്ല.
ആദ്യ അന്വേഷണം കണ്ണവത്തേക്ക്
അന്വേഷണത്തിന്റെ ആദ്യഘട്ടം കർണാടകയുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ല കേന്ദ്രീകരിച്ചായിരുന്നു. മൃതദേഹം കണ്ണവത്തുനിന്നു കാണാതായ യുവതിയുടേതാണെന്ന സംശയം ശക്തമായി.
ഇതിന്റെ ഭാഗമായി കണ്ണവത്തെ യുവതിയുടെ ബന്ധുക്കൾ കുടകിൽ എത്തിയെങ്കിലും മൃതദേഹം തിരിച്ചറിയാൻ കഴിയാതെ മടങ്ങിയിരുന്നു.
സംശയം ഉറപ്പിച്ച പോലീസ് ഡിഎൻഎ പരിശോധനയടക്കമുള്ള നടപടികൾ പൂർത്തീകരിച്ചപ്പോഴാണ് നാടകീയമായി കണ്ണവത്തെ യുവതിയുടെ രംഗപ്രവേശം. യുവതി പേരാവൂരിലെ കോളനിയിലുണ്ടെന്ന് വിവരം ലഭിച്ചതോടെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
അന്വേഷണ പരിധിയിൽതൃശൂരും
അപ്രതീക്ഷിതമായി തൃശൂരിൽ നിന്നും കാണാതായ യുവതിയെക്കുറിച്ചുള്ള വിവരം ലഭിച്ചതോടെ വയസും മറ്റ് കാര്യങ്ങളും പരിശോധിച്ച പോലീസ് തൃശൂരിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.
ഇതിനിടയിൽ തൃശൂരിൽ നിന്നും കാണാതായ യുവതി കോയമ്പത്തൂരിൽ ഉണ്ടെന്ന വിവരം ലഭിച്ചതോടെ അതും വഴിമുട്ടി. പിന്നീട് മൈസൂരൂവിലും ബംഗളൂരുവിലും മടിക്കേരിയിലും അടുത്ത ദിവസങ്ങളിൽ കാണാതായ യുവതികളെക്കുറിച്ചുള്ള അന്വേഷണം ശക്തമാക്കിയെങ്കിലും സംശയിക്കാവുന്ന തെളിവുകളൊന്നും പോലീസിന് കിട്ടിയില്ല. മൃതദേഹത്തിൽ നിന്നും ലഭിച്ച ചുരിദാറും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും കാര്യമായ പുരോഗതി ഉണ്ടായില്ല.
Post a Comment