Join News @ Iritty Whats App Group

കാസർകോട് എംഎൽഎയെ പറ്റിച്ച് തട്ടിപ്പ് സംഘം; ഒരു കൊറിയറുണ്ടെന്ന് ഫോൺ, എത്തിയത് ഓർഡർ ചെയ്യാത്ത പായ്ക്കറ്റ് !


കാഞ്ഞങ്ങാട്: കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്നിനെ പറ്റിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം. പണം തട്ടിയത് ഓര്‍ഡര്‍ ചെയ്യാത്ത ഗുണനിലവാരം കുറഞ്ഞ ബെഡ് കവര്‍ എംഎൽഎയുടെ വീട്ടിലേക്ക് അയച്ച്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് എംഎല്‍എ പരാതി നല്‍കി. പശ്ചിമ ബംഗാളിൽ നിന്നാണ് പായ്ക്കറ്റ് വന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊറിയർ അയച്ച ഏജൻസി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

സംഭവത്തെ കുറിച്ച് എൻഎ നെല്ലിക്കുന്ന് എംഎൽഎ പറയുന്നത് ഇങ്ങനെ. കഴിഞ്ഞ ദിവസം ഒരു ഫോണ്‍കോള്‍ വരുന്നു. ആ സമയത്ത് താൻ ദില്ലിയിലായിരുന്നു. ഒരു കൊറിയർ ഉണ്ടെന്നും ക്യാഷ് ഓണ്‍ ഡെലിവറി ആണ് പേയ്മെന്‍റ് എന്നും വിളിച്ചയാള്‍ പറഞ്ഞു. സ്ഥലത്തില്ലെന്നും വീട്ടിലേക്ക് ചെന്നാൽ മതിയെന്നും ഫോണ്‍ വിളിച്ചയാളോട് പറഞ്ഞു. മകനോ മകളോ ഓർഡർ ചെയ്തതാണെന്നാണ് കരുതിയത്. കൊറിയറുമായി വന്നയാള്‍ 1400 രൂപ വാങ്ങി പായ്ക്കറ്റ് നൽകി മടങ്ങി.

വീട്ടുകാർ പായ്ക്കറ്റ് പൊട്ടിച്ച് നോക്കിയപ്പോള്‍ ആരും ഓർഡർ ചെയ്യാത്ത സാധനമാണ്. താനോ വീട്ടുകാരോ ഇത് ഓർഡർ ചെയ്തിട്ടില്ല. ഗുണ നിലവാരമില്ലാത്ത ഒരു ബെഡ് കവർ ആയിരുന്നു പായ്ക്കറ്റിനുള്ളിൽ ഉണ്ടായിരുന്നത്. എന്തിനാണ് എന്നെ ഇരയാക്കിയതെന്ന് അറിയില്ലെന്ന് എംഎൽഎ പറയുന്നു. പണത്തിന്‍റെ പ്രശ്നമല്ല, ഒരു എംഎൽഎയായ എന്നെ പറ്റിക്കാമെങ്കിൽ ഈ തട്ടിപ്പ് സംഘം നാട്ടിലെ സാധാരണക്കാരായ ആളുകളെയും തട്ടിപ്പിനിരിയാക്കാനാകുമെന്ന് എൻഎ നെല്ലിക്കുന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സർക്കാർ രേഖകളിലുള്ള അഡ്രസ് ആണ് പായ്ക്കറ്റിൽ ഉണ്ടായിരുന്നത്. അത് വെച്ചാണ് വീട്ടിലേക്ക് പാഴ്സൽ അയച്ചത്. ഇതിന് പിന്നിൽ 
ആസൂത്രിതമായി സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് കരുതുന്നു. തട്ടിപ്പ് സംഘത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് എംഎൽഎ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസും അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group