ഹമാസിനെതിരെ ശക്തമായി തിരിച്ചടിക്കാന്‍ ഒരുങ്ങി ഇസ്രയേല്‍. രാജ്യത്തിന്റെ അതിര്‍ത്തികളില്‍ റോക്കറ്റ് പ്രതിരോധ ഉപകരണങ്ങള്‍ വിന്യസിച്ചു. ടെല്‍ അവീവ് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
ജനങ്ങള്‍ അവരുടെ വീടുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലുമുള്ള ബോംബ് ഷെല്‍ട്ടറുകള്‍ക്കുള്ളില്‍ താമസിക്കാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഗാസയില്‍നിന്നു വ്യാപകമായി നുഴഞ്ഞുകയറ്റവും നടക്കുന്നണ്ട്. സൈന്യം ഗാസ മുനമ്പിലേക്ക് നീങ്ങുകയാണെന്നും ഇസ്രയേല്‍ വ്യക്തമാക്കി.
ഇസ്രായേല്‍ സിവിലിയന്മാരെ പ്രതിരോധിക്കാന്‍ ഐഡിഎഫ് വലിയ തോതിലുള്ള ഓപ്പറേഷന്‍ ആരംഭിച്ചുവെന്ന് ഭരണകൂടം അറിയിച്ചു. ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും ഇതോര്‍ത്ത് കരയേണ്ടി വരുമെന്നും പ്രസിഡന്റ് ബെഞ്ചിന്‍ നെതന്യാഹും പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. രാജ്യത്തെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും സൈന്യത്തിന്റെ സുരക്ഷാ കവചം എല്ലാവര്‍ക്കുമുണ്ടെന്നും നെതന്യാഹു അറിച്ചു.
ഞങ്ങള്‍ യുദ്ധത്തിലാണ്, ഞങ്ങള്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, നമ്മുടെ ശത്രു ഒരിക്കലും അറിയാത്ത തരത്തിലുള്ള വില നല്‍കുമെന്നും നെതന്യാഹു ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
ഇസ്രയേലിനെ ലക്ഷ്യം വച്ച് ഹമാസ് ഗാസയില്‍ നിന്ന് ഇന്ന് രാവിലെ മിസൈല്‍ ആക്രമണം നടത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇന്ന് നടന്ന ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഗാസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണം തുടരുകയാണ്. യുദ്ധം പ്രഖ്യാപിക്കുകയാണെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവിയെ ഉദ്ദരിച്ച് ഇസ്രയേല്‍ പ്രതിരോധ സേനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഹമാസ് സംഭവത്തിന്റെ പരിണിത ഫലം അനുഭവിക്കുമെന്നും സേന വൃത്തങ്ങള്‍ അറിയിച്ചു.
ഓപ്പറേഷന്‍ അല്‍-അഖ്‌സ ഫ്‌ളഡ്’ എന്നു പേരിട്ട ആക്രമണം ആരംഭിച്ചതായി ഹമാസ് പ്രഖ്യാപിച്ചിരുന്നു. ഓപ്പറേഷന്റെ ആദ്യ 20 മിനിറ്റിനുള്ളില്‍ ഗാസ മുനമ്പില്‍ നിന്ന് ഇസ്രയേലിലേക്ക് അയ്യായിരത്തിലധികം റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഹമാസിന്റെ സായുധ വിഭാഗം അറിയിച്ചു. ഇസ്രയേല്‍ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും അവര്‍ക്കുള്ള സമയം തീര്‍ന്നിരിക്കുകയാണെന്നും ഹമാസ് പറഞ്ഞു.
Post a Comment