Join News @ Iritty Whats App Group

കലാഭവൻ മണിയുടെ ജനപ്രിയ നാടൻ പാട്ടുകളുടെ രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു


തൃശൂർ: നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു. 65 വയസായിരുന്നു. 350 ഓളം നാടൻ പാട്ടുകളുടെ രചയിതാവാണ്. കലാഭവൻ മണിയെ ജനപ്രിയനാക്കിയത് ഇദ്ദേഹം രചിച്ച പാട്ടുകളായിരുന്നു. മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത്, വരിക്കചക്കേടെ തുടങ്ങിയവയെല്ലാം അറുമുഖന്റെ പ്രശസ്തമായ പാട്ടുകളാണ്. കലാഭവൻ മണിക്ക് വേണ്ടി മാത്രം ഇരുന്നൂറോളം പാട്ടുകൾ എഴുതി.

സിനിമയ്ക്ക് വേണ്ടിയും അറുമുഖൻ പാട്ടുകൾ എഴുതിയിട്ടുണ്ട്. 1998 ൽ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ ‘കൊടുങ്ങല്ലൂരമ്പലത്തിൽ’, മീശമാധവനിലെ ‘ എലവത്തൂർ കായലിന്റെ’എന്നീ ഗാനങ്ങൾ രചിച്ചത് അറുമുഖനായിരുന്നു. ഉടയോൻ, ദ ഗാർഡ്, സാവിത്രിയുടെ അരിഞ്ഞാണം, ചന്ദ്രോത്സവം, രക്ഷകൻ എന്ന ചിത്രങ്ങളിലെ ഗാനങ്ങൾക്കും വരികളെഴുതി. കൂടാതെ ധാരാളം ആൽബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

നടുവത്ത് ശങ്കരൻ- കാളി ദമ്പതികളുടെ മകനായി തൃശൂർ വെങ്കിടങ്ങ് ആയിരുന്നു അറുമുഖൻ ജനിച്ചത്. നാട്ടുകാരനായ സലിം സത്താർ അറുമുഖന്റെ ഗാനങ്ങൾ അന്തരിച്ച ഗായകൻ മനോജ് കൃഷ്ണനെക്കൊണ്ടു പാടിച്ച് ‘കല്ലേം മാലേം പിന്നെ ലോലാക്കും’ എന്ന കാസെറ്റ് ആദ്യമായി പുറത്തിറക്കി. ഇത് ശ്രദ്ധയിൽപ്പെട്ട മണി അറുമുഖനെ ബന്ധപ്പെട്ട് കാസറ്റിറക്കാൻ തീരുമാനിക്കുകയായിരുന്നു.

ഏനാമാവിൽ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് സംസ്‌കാരം നടക്കും. ഭാര്യ: അമ്മിണി. മക്കൾ: സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി. മരുമക്കൾ: വിജയൻ ,ഷിമ, ഷാജി

Post a Comment

Previous Post Next Post
Join Our Whats App Group