മലപ്പുറം: ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകി പുറപ്പെടുമെന്ന അറിയിപ്പ് കൃത്യമായി ലഭിക്കാത്തതിനെതുടര്‍ന്ന് നേരത്തെ എത്തിയ യാത്രക്കാരെ പെരുവഴിയിലാക്കി അധികൃതര്‍. വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് മാത്രമെ വിമാനത്താവളത്തിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കുവെന്ന നിലപാട് സ്വീകരിച്ചതോടെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് ഉള്‍പ്പെടെ എത്തിയ യാത്രക്കാര്‍ ദുരിതത്തിലായത്. ഏറെ നേരം വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിച്ചതിനുശേഷമാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്.
ദോഹയിലേക്ക് ഇന്ന് രാവിലെ ഒമ്പതിന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാറിനെതുടര്‍ന്ന് ഉച്ചക്ക് രണ്ടിനുശേഷമെ എത്തുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചത്. വിമാനം വൈകി പുറപ്പെടുന്ന വിവരം രാവിലെ ഏഴോടെയാണ് യാത്രക്കാരില്‍ പലരും അറിയുന്നത്. നേരത്തെ അറിയിച്ചതുപ്രകാരം ഒമ്പതുമണിക്ക് പുറപ്പെടുന്ന വിമാനത്തില്‍ യാത്ര ചെയ്യുന്നതിനായി എമിഗ്രേഷന്‍ നടപടികള്‍ക്കായി പുലര്‍ച്ചെ തന്നെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തുകയായിരുന്നു.
ഇവിടെ എത്തിയശേഷമാണ് ഭൂരിഭാഗം യാത്രക്കാരും വിമാനം വൈകുമെന്ന വിവരം അറിയുന്നത്. യാത്രക്കാര്‍ക്ക് വിശ്രമിക്കാനോ ഭക്ഷണം നല്‍കാനോയുള്ള സൗകര്യം അധികൃതര്‍ ഒരുക്കിയിരുന്നില്ല. ജീവനക്കാരുമായി ഏറെ നേരം തര്‍ക്കിച്ചശേഷം യാത്രക്കാര്‍ പ്രതിഷേധിച്ചതോടെയാണ് വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്.
Post a Comment