വണ്ടൻ മേട് > ഇടുക്കി കൊച്ചറ നായർ സിറ്റിയിൽ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. നായർസിറ്റി ചെമ്പകശേരി കനകാധരൻ (57) മക്കളായ വിഷ്ണു (31), വിനോദ് (27) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് സംഭവം. വീടിനു സമീപത്തെ പാടത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ആഘാതമേറ്റതാണ് അപകടകാരണം.
ഉച്ചക്കു ശേഷം പെയ്ത കനത്ത മഴയിൽ പാടത്ത് വെള്ളം കയറിയിരുന്നു. പുല്ലുചെത്തുന്നതിനായി പാടത്തേക്ക് ഇറങ്ങിയ കനകാധരനെ കാണാതായതിനെ തുടർന്ന് വിഷ്ണുവും വിനോദും തിരഞ്ഞു പോവുകയും അപകടത്തിൽ പെടുകയുമായിരുന്നു. മൂവരെയും കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് കനകാധരനെ പാടത്തിനു നടുവിൽ നിന്നും ആൺമക്കളെ സമീപത്തായും കണ്ടെത്തിയത്. നാട്ടുകാർ നടത്തിയ ശ്രമകരമായ പ്രവർത്തനത്തിനൊടുവിൽ കൊച്ചറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വീടിനു സമീപമായി ഏല തോട്ടത്തിൽ മരം വീണതിനെ തുടർന്ന് പാടത്തേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണ് കിടന്നതാണ് അപകടത്തിനിടയാക്കിയത്. പ്രദേശത്ത് ഉച്ചക്കു ശേഷം രണ്ടു മണിക്കൂറോളം അതി ശക്തമായ മഴ ഉണ്ടായതിനാൽ തോട് കരകവിഞ്ഞ് പാടത്തും വെള്ളം കയറിയതാണ് നാടിനെ നടുക്കിയ ദുരന്തത്തിലേക്ക് വഴിമാറിയത്. വണ്ടൻമേട് പൊലീസും , കെ എസ് ഇ ബി അധികൃതരും സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. ഓമനയാണ് കനകാധരന്റെ ഭാര്യ. മൂത്ത മകൻ വിഷ്ണുവിന്റെ ഭാര്യ: ആതിര , മകൻ : ഗൗതം (രണ്ട് വയസ്), വിനോദ് അവിവാഹിതനാണ്.
Post a Comment