ഉളിക്കല്‍: ഉളിക്കല്‍ പഞ്ചായത്തില്‍ വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമായ സാഹചര്യത്തില്‍ 14.5 കിലോ മീറ്റര്‍ വരുന്ന വനാതിര്‍ത്തിയെ രണ്ടായി തിരിച്ച് ഉടൻ തൂക്കുവേലി നിര്‍മിക്കാൻ തീരുമാനം.
ആദ്യഘട്ടത്തില്‍ ആനപ്പാറ മുതല്‍ കാലാങ്കി വരെ ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ 50 ലക്ഷം രൂപ ചെലവില്‍ തൂക്കുവേലി നിര്‍മിക്കാനാണ് തീരുമാനം.
ആത്രശേരി ജോസിന് ആന ചവിട്ടിക്കൊന്ന സാഹചര്യത്തില്‍ ഉളിക്കലില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്‍റ്, അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
സംസ്ഥാന സര്‍ക്കാര്‍, എംഎല്‍എ, എംപി ഫണ്ടില്‍ നിന്നും തുക കണ്ടെത്തി അടുത്തഘട്ട വേലി നിര്‍മി ക്കാനും യോഗം തീരുമാനിച്ചു. വനാതിര്‍ത്തി പങ്കിടുന്ന ഒന്നു മുതല്‍ ആറ് വരെയുള്ള വാര്‍ഡുകളില്‍ കര്‍മ സമിതികള്‍ രൂപീകരിക്കുക. പഞ്ചായത്ത് ചെലവില്‍ രണ്ട് വാച്ചര്‍മാരെ നിയമിക്കുക. വനം വകു പ്പിന് കഴിയുന്നില്ലെങ്കില്‍ തൂക്കുവേലിക്ക് ബാറ്ററി ഉള്‍പ്പെടെയുള്ളവ ജനകീയ പങ്കാളിത്തത്തോടെ വാങ്ങി നിലവിലെ സോളാര്‍ വേലികള്‍ പ്രവര്‍ത്തിപ്പിക്കുക ,എംഎല്‍എ യുടെ നേതൃത്വത്തില്‍ സര്‍വക്ഷി അംഗങ്ങള്‍ വകുപ്പ് മന്ത്രിയെ കണ്ട് അടിയന്തര സാഹചര്യം ബോധിപ്പിക്കുക, വനാതിര്‍ത്തി യോട് ചേര്‍ന്ന് വെട്ടിത്തെളിക്കാതെ കാടുകയറി കിടക്കുന്ന സ്ഥലങ്ങള്‍ പഞ്ചായത്തിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച് വെട്ടിത്തെളിപ്പിക്കാനുള്ള നടപടികള്‍ ആരംഭിക്കുക, നിലവിലുള്ള സോളാര്‍ വേലികള്‍ തകരാറുകള്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കുക തുടങ്ങിയ കാര്യങ്ങളും യോഗം തീരുമാനിച്ചു.
സ്റ്റാഫിന്‍റെ കുറവും ദൂര കൂടുതലും വാഹനങ്ങള്‍ ഇല്ലാത്തതും ഫണ്ടിന്‍റെ അപര്യാപ്തതയും വലിയ വെല്ലുവിളിയാണെന്നാണ് യോഗത്തില്‍ വനവകുപ്പിനുവേണ്ടി ആര്‍എഫ്‌ഒ പറഞ്ഞു. ഇരിക്കൂര്‍ മണ്ഡലത്തില്‍ ഒരു ഫോറസ്റ്റ് ഓഫീസ് ഉടൻ യാഥാര്‍ഥ്യമാകും.
മലയോര മേഖലയിലെ ആന ഭീക്ഷണി നേരിടുന്ന ഭാഗങ്ങളില്‍ പഞ്ചായത്തു റോഡുകളില്‍ ഉള്‍പ്പെടെ വഴിവിളക്കുകള്‍ സ്ഥാപിക്കുക, നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക, പ്രാദേശികമായ വോളണ്ടിയര്‍ സംവിധാനം ഏര്‍പ്പെടുത്തുക . മരണപ്പെട്ട ജോസിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരമായി 20 ലക്ഷം രൂപയും ആശ്രിത ജോലിയും നല്‍കുക തുടങ്ങിയനിര്‍ദേശങ്ങളാണ് നേരത്തെ യോഗത്തില്‍ ഉയര്‍ന്നത്.
യോഗത്തില്‍ സജീവ് ജോസഫ് എംഎല്‍എ, പഞ്ചായത്തു പ്രസിഡന്‍റ് പി.സി. ഷാജി, തളിപ്പറമ്ബ് ആര്‍ എഫ്‌ഒടി രതീശൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഒ.എസ്. ലിസി, ബ്ലോക്ക് മെംബര്‍മാരായ ബേബി തോലാനി, ചാക്കോ പാലക്കലോടി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അതിര്‍ത്തിയിലെ താമസിക്കുന്ന കര്‍ഷകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Post a Comment