കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉണ്ടായ ബോംബ് സ്‌ഫോടനം ഗൗരവത്തോടെ കാണുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളം പലസ്തീനൊപ്പം പൊരുതുമ്പോള്‍ ജനശ്രദ്ധ മാറ്റാനുള്ള നിലപാട് ആരുടെ ഭാഗത്തുനിന്നുണ്ടായാലും കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യബോധമുള്ള മനുഷ്യര്‍ ഒറ്റക്കെട്ടായി ഈ സംഭവത്തെ അപലപിക്കണം. ആസൂത്രിതമാണെന്ന് പറയാനായിട്ടില്ല. മുന്‍വിധിയോടെ വിഷയത്തെ സമീപിക്കേണ്ടതില്ല. എന്താണ് സംഭവമെന്ന് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉണ്ടായത് ബോംബ് സ്ഫോടനമെന്ന് ഡിജിപി ദര്‍വേശ് സാഹേബ് വ്യക്തമാക്കി. ടിഫിന്‍ ബോക്സില്‍ സെറ്റ് ചെയ്ത ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) മാതൃകയിലുള്ള ബോംബാണ് പൊട്ടിയത്. ഇന്നുതന്നെ അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിക്കുമെന്നും അദേഹം പറഞ്ഞു. ആസൂത്രിത ആക്രമണമെന്നാണ് സംശയിക്കുന്നത്. ഭീകരാക്രമണമെന്ന് സ്ഥിരീകരിക്കാറായിട്ടില്ലന്നും ഡജിപി പറഞ്ഞു.
കണ്‍വെന്‍ഷന്‍ സെന്ററിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. സ്ഫോടനം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തേയും നിയോഗിച്ചു. എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും സംസ്ഥാനത്തെ ഉന്നത പോലീസ് സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ പൊട്ടിത്തെറി ഉണ്ടായത് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുവെന്ന് ആദ്യം തന്നെ കണ്ടെത്തിയിരുന്നു. കളമശ്ശേരിയിലേത് ബോംബാക്രമണമെന്ന് പൊലീസ് ആദ്യ റിപ്പോര്‍ട്ട് നല്‍കിയതോടെ കേന്ദ്ര സര്‍ക്കാര്‍ സംഭവത്തില്‍ നേരിട്ട് ഇടപെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ തിരക്കി. ഭീകരാക്രമണ സാധ്യത തള്ളാതെയുള്ള അന്വേഷണമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. എന്‍എസ്ജിയെ സ്‌ഫോടനം നടന്ന സ്ഥലത്ത് വിന്യസിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്ന് രാവിലെ 9.30 ഓടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
Post a Comment