Join News @ Iritty Whats App Group

ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചിട്ടില്ല; കാര്‍ പുഴയില്‍ വീണുള്ള യുവ ഡോക്ടര്‍മാരുടെ മരണത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്



പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിക്കാനിടയായത് ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചിട്ടല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അപകടത്തിന്റെ കാരണം അശ്രദ്ധമായ ഡ്രൈവിങ്ങാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. മേഖലയിലെ ദിശാ ബോര്‍ഡുകളും ഗൂഗിള്‍ മാപ്പും ശ്രദ്ധിക്കാതെ വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അപകടസ്ഥലവും ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാറും പരിശോധിച്ച ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പ് അപകടകാരണം കണ്ടെത്തിയത്. വാഹനത്തിന് കേടുപാടുകള്‍ ഉണ്ടായിരുന്നില്ല. ഗൂഗിള്‍ മാപ്പില്‍ വഴി കൃത്യമായി കാണിക്കുന്നുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍.

ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ പെരിയാറിന്റെ കൈവഴിയായ കടല്‍വാതുരുത്ത് കടവിലാണ് അപകടം നടന്നത്. ദേശീയപാത 66 ഒഴിവാക്കി ചേന്ദമംഗലം-വടക്കുംപുറം-ഗോതുരുത്ത് വഴിയാണ് കടല്‍വാതുരുത്തില്‍ എത്തിയത്. ഹോളിക്രോസ് കവലയില്‍ നിന്ന് ഇടത്തേക്ക് തിരിയാതെ നേരെ കടല്‍വാതുരുത്ത് കടവിലെ റോഡിലേക്ക് കയറുകയായിരുന്നു.

സുരക്ഷക്കായി പുഴയുടെ സമീപം റോഡ് അവസാനിക്കുന്നതിന് 25 മീറ്റര്‍ മുമ്പെങ്കിലും ബാരിക്കേഡ് വെക്കണമെന്ന് പിഡബ്ല്യുഡിയോടും ചേന്ദമംഗലം പഞ്ചായത്തിനോടും ആവശ്യപ്പെടുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ എന്‍ വിനോദ്കുമാര്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group