Join News @ Iritty Whats App Group

'ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്, സാമൂഹ്യ മാധ്യമങ്ങൾ സർക്കാർ നിരീക്ഷണത്തിൽ'; മന്ത്രിമാർ

കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സാമൂഹ്യ മാധ്യമങ്ങൾ സർക്കാർ നിരീക്ഷണത്തിലാണെന്നും മന്ത്രിമാർ. മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ഒരു കുട്ടി, കുട്ടിയുടെ അമ്മ, ഒരു പുരുഷൻ എന്നിവർക്ക് 80,90 ശതമാനം പൊളളലേറ്റിട്ടുണ്ട്. ഇവർ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുട്ടിയുടെ നില വഷളായതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയെന്നും മന്ത്രിമാരായ കെ.രാജൻ, വാസവൻ, ആൻ്റണി രാജു എന്നിവർ മാധ്യമങ്ങളോട് പ്രതികരിച്ചു. 

ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്. സാമൂഹ്യ മാധ്യമങ്ങൾ സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രിമാർ അറിയിച്ചു. ആനാവശ്യ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെന്നും മന്ത്രി കെ.രാജൻ പറഞ്ഞു. 

കളമശ്ശേരിലുണ്ടായ സ്ഫോടനത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാരും വിവരങ്ങള്‍ തേടുന്നു. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് സംസ്ഥാന പൊലീസിനോട് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക റിപ്പോർട്ട് തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററില്‍ ഇന്ന് രാവിലെ 9.30 ഓടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ കളമ​ശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group