Join News @ Iritty Whats App Group

നിയമന തട്ടിപ്പുകേസിലെ മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ, പിടികൂടിയത് തേനിയിൽ നിന്ന്

ആരോ​ഗ്യവകുപ്പിലെ നിയമന തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ അഖിൽ സജീവ് പിടിയിൽ. തമിഴ്‌നാട്ടിലെ തേനിയിൽ നിന്ന് പത്തനംതിട്ട പൊലീസാണ് പിടികൂടിയത്. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ അഖിൽ സജീവ് ഒളിവിൽ പോയിരുന്നു. കന്യാകുമാരി ഭാഗത്ത് അഖിൽ ഉണ്ടായിരുന്നുവെന്ന പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അഖിൽ സജീവ് പിടിയിലായത്. ഇന്ന് ഉച്ചക്ക് ശേഷം ഇയാളെ പത്തനംതിട്ടയിൽ എത്തിക്കും.

പത്തനംതിട്ട സ്റ്റേഷനിൽ 2021 ൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിയമന കോഴക്കേസിൽ തിരുവനന്തപുരം കണ്ടോൻമെന്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്. പത്തനംതിട്ടയിലെ കേസിൽ കോടതിയിൽ ഹാജരാക്കിയ ശേഷമാകും തിരുവനന്തപുരം കണ്ടോൻമെന്റ് പൊലീസ് അഖിൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങുക. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

കേസിൽ അഖിൽ സജീവിന്റെ കൂട്ടാളി റഹീസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ മലപ്പുറം സ്വദേശിയായ ഹരിദാസൻ നൽകിയ പരാതിയ്ക്ക് പിന്നാലെയാണ് നിയമനത്തട്ടിപ്പ് പുറത്തു വന്നത്. പരാതിക്കാരനായ ഹരിദാസന്റെ മരുമകൾക്ക് നിയമനത്തിനായി ഇടനിലക്കാരനായ അഖിൽ സജീവും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗം അഖിൽ മാത്യുവും പണം വാങ്ങിയെന്നായിരുന്നു പരാതി.

എന്നാൽ മന്ത്രിയുടെ സ്റ്റാഫിന്റെ പേരിൽ ആൾമാറാട്ടം നടന്നുവെന്ന് പോലീസ് പിന്നീട് കണ്ടെത്തി. നിയമനത്തിനായി ഇവര്‍ 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും നിയമനം ലഭിക്കുമെന്നറിയിച്ച് ആയുഷില്‍ നിന്ന് ഇമെയില്‍ സന്ദേശം ലഭിച്ചുവെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. ആയുഷിന്റേതെന്ന പേരില്‍ വ്യാജ ഇമെയില്‍ നിര്‍മ്മിച്ചത് അഖിൽ സജീവാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group