ഇരിട്ടി: ജനകീയ കൂട്ടായ്മയിൽ ജനങ്ങൾ വാങ്ങി സൗജന്യമായി കൈമാറിയ സ്ഥലത്ത് ആധുനികസൗകര്യങ്ങളോടെ മാസങ്ങൾക്ക് മുൻപ് കെട്ടിടം പൂർത്തിയായെങ്കിലും മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത് ചോർന്നൊലിക്കുന്ന വാടകക്കെട്ടിടത്തിൽ. നിന്നു തിരിയാൻ ഇടമില്ലാത്ത കടുസുമുറികളുള്ള കെട്ടിടത്തിൽ ഏറെ ദുരിത മനുഭവിച്ച് ജോലിചെയ്യുകയാണ് ഇവിടത്തെ പോലീസുകാർ. എന്ന് ഇതിന്റെ ഉദ്‌ഘാടനം നടക്കും എന്ന് ചോദിച്ചാൽ കൈമലർത്തുകമാത്രമാണ് പോലീസ് അധികൃതർ ചെയ്യുന്നത്. സ്ഥലം സൗജന്യമായി നൽകിയ നാട്ടുകാർ ചോദിക്കുമ്പോഴും അതെല്ലാം ആസ്ഥാനത്ത് നിന്ന് പറയും എന്ന് മാത്രമാണ് ഉത്തരം. .
2016-ൽ ആണ് കാക്കയങ്ങാട് ടൗണിൽ പാലപ്പുഴ റോഡരികിൽ ഓടുമേഞ്ഞ പഴയ വാടകക്കെട്ടിടത്തിൽ ആണ് മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നത്. തീരെ സ്ഥലസൗകര്യമില്ലാത്ത ചെറിയ മുറികളുള്ള കെട്ടിടം മഴക്കാലം തുടങ്ങുന്നതോടെ ചോർന്നൊലിക്കും. ഇരുപതു പേർക്ക് പോലും പ്രവർത്തി ചെയ്യാൻ സൗകര്യമില്ലാത്ത ഇവിടെ 44 പോലീസ് ഉദ്യോഗസ്ഥരാണ് പരിമിതമായ സൗകര്യങ്ങളോടെ ഈ വാടക കെട്ടിടത്തിൽ ജോലി ചെയ്യുന്നത് . സ്റ്റേഷന് സ്വന്തമായൊരു കെട്ടിടം പണിയാൻ സ്ഥലം കണ്ടെത്തുക എന്നത് പ്രയാസമായതോടെ നാട്ടുകാർ ജനകീയ കൂട്ടായ്മ രൂപീകരിച്ച് കാക്കയങ്ങാട് - പുന്നാട് റോഡിൽ 45 സെൻറ് സ്ഥലം വാങ്ങി പോലീസ് സേനക്ക് കൈമാറി. സംസ്ഥാനത്ത് പോലീസ് സ്റ്റേഷൻ പണിയാൻ നാട്ടുകാർ പണം മുടക്കി സ്ഥാലം വാങ്ങി നൽകുന്ന അപൂർവ്വം സംഭവങ്ങളിൽ ഒന്നായിരുന്നു ഇത്.
ഇവിടെ കെട്ടിടം പണിയാനായി 1.75 കോടി രൂപ അനുവദിച്ചതോടെ 7000 സ്‌ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായി് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു. പോലീസ് സ്റ്റേഷനിലേക്കുള്ള റോഡിന്റെ കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച് നേരത്തെ തന്നെ ഉദ്ഘാടനവും ചെയ്തു. കെട്ടിടവും മറ്റ് സൗകര്യവുമെല്ലാം പൂർത്തിയായിട്ട് മാസങ്ങളായെങ്കിലും ഉദ്ഘാടനം നീണ്ടു പോവുകയാണ്. റോഡരികിലുള്ള പോലീസ് സ്റ്റേഷനു മുന്നിൽ ഇപ്പോൾ പിടിച്ചെടുക്കുന്ന വാഹനങ്ങൾ റോഡരികിൽ തന്നെ നിർത്തിയിടുന്നതും ഇതുവഴിയുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പുതിയ കെട്ടിടം പ്രവർത്തന ക്ഷമമാക്കാൻ ഇനിയെത്ര കാലം കാത്തിരിക്കണം എന്ന ചോദ്യമാണ് പോലീസ് സ്റ്റേഷൻ സ്ഥാപിക്കാനായി സ്ഥലം വാങ്ങി നൽകിയ നാട്ടുകാർ ഉൾപ്പെടെ ചോദിക്കുന്നത്.
Post a Comment