Join News @ Iritty Whats App Group

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രൻ ഉൾപ്പടെ ആറ് പ്രതികൾക്കും ജാമ്യം

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ ഉൾപ്പടെ ആറ് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. കാസർഗോഡ് ജില്ല സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. വിടുതൽ ഹർജിയിൽ കേസ് അടുത്ത മാസം 15 ന് പരിഗണിക്കും. കേസിൽ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ ഇന്ന് രാവിലെ കോടതിയിൽ ഹാജരായിരുന്നു.

ആദ്യമായാണ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകുന്നത്. കെ. സുരേന്ദ്രന് പുറമെ കേസിലെ മുഴുവന്‍ പ്രതികളും ഇര കെ.സുന്ദരയും കോടതിയിൽ ഹാജരായി.

കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ വിടുതൽ ഹർജി പരിഗണിക്കുമ്പോഴാണ് കെ.സുരേന്ദ്രനടക്കമുള്ള പ്രതികളോട് ഹാജരാവാൻ കോടതി നിർദ്ദേശം നൽകിയത്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥിയായ സുന്ദരക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

കെ സുരേന്ദ്രന് പുറമെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബിജെപി മുൻ ജില്ല അധ്യക്ഷൻ കെ.കെ. ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ്‌ നായിക്‌, കെ.മണികണ്‌ഠ റൈ, ലോകേഷ്‌ നോണ്ട എന്നിവരാണ്‌ കേസിലെ മറ്റ് പ്രതികൾ.

Post a Comment

Previous Post Next Post
Join Our Whats App Group