Join News @ Iritty Whats App Group

‘സഹോദരന്മാരെ ഒന്ന് നിർത്തൂ’; ഇസ്രയേൽ- ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

പശ്ചിമേഷ്യൻ യുദ്ധം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാൻ അഭ്യർത്ഥനയുമായി ഫ്രാൻസിസ് മാർപ്പാപ്പ. റോമിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന പരമ്പരാഗത ആഞ്ചലസ് പ്രാർത്ഥനയ്ക്ക് ശേഷം യുദ്ധം നിർത്താൻ മാർപ്പാപ്പ അഭ്യർത്ഥിച്ചു. ഗാസ മുനമ്പിലേക്ക് കൂടുതൽ സഹായം അനുവദിക്കണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു.

‘യുദ്ധം എല്ലായ്പ്പോഴും പരാജയമാണ്, അത് മനുഷ്യർക്കിടയിലെ സഹോദര്യത്തെ നഷ്ടമാക്കുന്നു, സഹോദരന്മാരെ നിർത്തൂ, നിർത്തൂ…’ എന്നായിരുന്നു മാർപ്പാപ്പയുടെ വാക്കുകൾ. വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ ചർച്ച നടത്തുകയും ചെയ്തു ഫ്രാൻസിസ് മാർപ്പാപ്പ. ആക്രമണം ഉടൻ നിർത്തണമെന്നും മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർപ്പാപ്പ അമേരിക്കൻ പ്രസിഡന്റുമായി 20 മിനിറ്റോളം ചർച്ച നടത്തിയത്. ​ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നതിനെക്കുറിച്ചും മാർപ്പാപ്പ ചർച്ച ചെയ്തു.

അതേസമയം യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉന്നത ലോകനേതാക്കൾ വിവിധ ചർച്ചകൾക്കായി ഇസ്രയേലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാക്രോൺ ഇന്ന് ഇസ്രയേലിലെത്തുമെന്നാണ് റിപ്പോർട്ട്. ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെയും ഇസ്രയേലിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

പലസ്തീൻ കുട്ടികളുടെ സംരക്ഷണത്തിനായുള്ള വേള്‍ഡ് മൂവ്മെന്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ ഏഴ് മുതല്‍ നടന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 1700 കുട്ടികളും വെസ്റ്റ് ബാങ്കില്‍ 27 കുട്ടികളുമാണ് കൊല്ലപ്പെട്ടത്. കണക്കനുസരിച്ച് 120 കുട്ടികളാണ് പ്രതിദിനം ഗാസയില്‍ കൊല്ലപ്പെടുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group