Join News @ Iritty Whats App Group

ഹമാസിന്റേത് സഹികെട്ട പ്രതികരണം; ഇസ്രായേലിന്റെ മുഖത്തേറ്റ അടി; ജൂതതീവ്രവാദികള്‍ ചോദിച്ച് വാങ്ങിയതെന്ന് എംഎ ബേബി


ഹമാസിന്റെ ആക്രമണം ഇസ്രായേലിന്റെ മുഖത്തേറ്റ അടിയാണെന്ന് സിപിഎം പിബി അംഗം എംഎ ബേബി. മക്കയും മദീനയും കഴിഞ്ഞാല്‍ ഇസ്ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ സ്ഥലമായ കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ ജൂതതീവ്രവാദികള്‍ നടത്തിയ കടന്നുകയറ്റങ്ങള്‍ ആണ് ഇപ്പോഴത്തെ യുദ്ധത്തിന് പ്രകോപനമായത്.

ആക്രമണം ഇസ്രായേലിന്റെ പുകഴ്ത്തപ്പെട്ട രഹസ്യാന്വേഷണ ഏജന്‍സി മൊസാദിനോ സുപ്രസിദ്ധമായ റോക്കറ്റ് പ്രതിരോധ സംവിധാനമായ ‘അയണ്‍ ഡോമി’നോ തടയാന്‍ ആയില്ല എന്നത് അവരുടെ മുഖത്ത് ഏറ്റ കനത്ത അടിയാണെന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പലസ്തീന്‍ ജനതക്കു നേരെ പതിറ്റാണ്ടുകളായി ഇസ്രായേല്‍ നടത്തിവരുന്ന ഫാസിസ്റ്റ് അക്രമങ്ങളും പലസ്തീനി പ്രദേശങ്ങള്‍ തുടര്‍ച്ചയായി കയ്യേറുന്നതും അവിടെ ബലാല്‍ക്കാരേണ സയണിസ്റ്റ് കുടിയേറ്റം ഉറപ്പിക്കുന്നതും കുറേക്കാലമായി ലോകം ഫലത്തില്‍ അംഗീകരിക്കുന്നവിധം കണ്ടില്ലെന്നു നടിച്ചുവരികയായിരുന്നു.

അതിനോടുള്ള ഒരു സഹികെട്ട പ്രതികരണമാണ് ഹമാസ് ഇസ്രയേലിനെതിരെ ഇന്നു വെളുപ്പിന് ആരംഭിച്ച യുദ്ധം. വലിയ സൈനികശക്തിയായ ഇസ്രായേല്‍ തന്നെ ഒരുപക്ഷേ ഈ യുദ്ധത്തില്‍ അമേരിക്കന്‍ പിന്തുണയോടെ ജയിച്ചേക്കാം. ഗസ്സ പ്രദേശത്ത് വലിയ നാശനഷ്ടം ഉണ്ടാക്കാനും അവര്‍ക്ക് ശേഷിയുണ്ട്.

പാശ്ചാത്യരാജ്യങ്ങളെല്ലാം, യുഎസ്എയും ഫ്രാന്‍സും ഇംഗ്ലണ്ടും ജര്‍മനിയും ഒക്കെ പലസ്തീനികള്‍ക്കെതിരെ ഇസ്രയേലിനൊപ്പം രംഗത്ത് വന്നിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷമുള്ള ഏകധ്രുവലോകത്ത് ഏറെക്കുറെ പാശ്ചാത്യ ശക്തികളുടെ തന്നിഷ്ടം മാത്രമാണ് നടക്കുന്നത് എന്നതാണ് സാഹചര്യം.
എന്നാലും 2006ലെ യുദ്ധത്തിനുശേഷം പലസ്തീനികളില്‍ നിന്ന് ഇസ്രയേല്‍ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇന്ന് നടന്നത്.

ഗോലിയാത്തിനെതിരെ ദാവീദ് നടത്തിയ പോരാട്ടം പോലെ. ആയിരക്കണക്കിന് റോക്കറ്റുകളാണ് ഗസ്സയില്‍ നിന്ന് ഇസ്രയേലിനെതിരെ തൊടുത്തു വിട്ടത്. ഇസ്രായേല്‍ അതിര്‍ത്തി തകര്‍ത്ത് പാലസ്തീന്‍ പോരാളികള്‍ ഇസ്രയേലിനുള്ളില്‍ കടന്നുചെന്ന് ആക്രമണം നടത്തി. ഇതില്‍ നൂറു കണക്കിന് ഇസ്രായേലികള്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ഇസ്രായേലികള്‍ക്ക് പരിക്ക് പറ്റി. പട്ടാളക്കാര്‍ ഉള്‍പ്പെടെ മുപ്പത്തഞ്ചോളം ഇസ്രായേലികളെ ഹമാസ് യുദ്ധത്തടവുകാരായി പിടിച്ചിട്ടുമുണ്ട്.

മാസങ്ങള്‍ എടുത്തിട്ടുണ്ടാവണം ഈ പ്രത്യാക്രമണയുദ്ധത്തിന്റെ ആസൂത്രണത്തിന്. അത് ഇസ്രായേലിന്റെ പുകഴ്ത്തപ്പെട്ട രഹസ്യാന്വേഷണ ഏജന്‍സി മൊസാദിനോ സുപ്രസിദ്ധമായ റോക്കറ്റ് പ്രതിരോധ സംവിധാനമായ ‘അയണ്‍ ഡോമി’നോ തടയാന്‍ ആയില്ല എന്നത് ഇസ്രായേലിന്റെ മുഖത്ത് ഏറ്റ കനത്ത അടിയാണ്.

മക്കയും മദീനയും കഴിഞ്ഞാല്‍ ഇസ്ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ സ്ഥലമായ കിഴക്കന്‍ യെരൂശലേമിലെ അല്‍ അക്‌സ പള്ളിയില്‍ ജൂതതീവ്രവാദികള്‍ നടത്തിയ കടന്നുകയറ്റങ്ങള്‍ ആണ് ഇപ്പോഴത്തെ യുദ്ധത്തിന് പ്രകോപനമായത്.

ഇസ്രായേല്‍ പലസ്തീനികള്‍ക്ക് നേരെ നടത്തുന്ന അടിച്ചമര്‍ത്തലും അക്രമവും അവരുടെ പ്രദേശങ്ങള്‍ കയ്യേറി വച്ചിരിക്കുന്നതും അവസാനിപ്പിച്ച് സമാധാന ചര്‍ച്ചയിലേക്ക് വരികയാണ് വേണ്ടത്. പലസ്തീനികളുടെ ദീര്‍ഘകാല സുഹൃത്ത് ആയ ഇന്ത്യ അവിടത്തെസമാധാനത്തിനുള്ള മുന്‍കൈ എടുക്കുകയും വേണം.

Post a Comment

Previous Post Next Post
Join Our Whats App Group