Join News @ Iritty Whats App Group

സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചില്‍ അല്ല വിശദീകരണം മാത്രം, ഒരു സ്ത്രീ എന്ന നിലയില്‍ ഒട്ടും സഹിക്കാന്‍ പറ്റാത്ത കാര്യമാണ് നടന്നത്: ഷിദ ജഗത്


സുരേഷ് ഗോപിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെന്ന് മാധ്യമപ്രവര്‍ത്തക ഷിദ ജഗത്. കഴിഞ്ഞ ദിവസം കോഴിക്കോട് വച്ചാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയത്. സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചില്‍ അല്ല, വിശദീകരണം മാത്രമാണ്. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് ഒട്ടും സഹിക്കാന്‍ പറ്റാത്ത കാര്യമാണ് നടന്നത്. ഇനി ഒരു മാധ്യമപ്രവര്‍ത്തകയ്ക്കും ഇങ്ങനൊരു അനുഭവമുണ്ടാകരുത് എന്ന ഉദ്ദേശത്തോടെയാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നത് എന്നാണ് ഷിദ ജഗത് പറയുന്നത്.

ഷിദയുടെ വാക്കുകള്‍:

ശശി തരൂര്‍ നടത്തിയ പ്രസ്താവനയെ കുറിച്ചാണ് ഞങ്ങള്‍ സുരേഷ് ഗോപിയോട് ചോദിച്ചത്. അതിന് ശേഷമാണ് തൃശൂരില്‍ നിന്നും മത്സരിക്കുന്നത് ചോദിച്ചത്. കണ്ണൂര്‍ ആണെങ്കിലും മത്സരിക്കാന്‍ തയാറാണ്, അവിടെ മത്സരിച്ചാല്‍ ഒന്ന് ഉലയ്ക്കാമല്ലോ എന്നാണ് സുരേഷ് ഗോപി മറുപടി നല്‍കിയത്. അതിന് മറുചോദ്യമായാണ്, അങ്ങനെ കേരളത്തില്‍ ഉണ്ടായിട്ടില്ലല്ല എന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അതിന് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം എന്നെ മോളേ എന്ന് വിളിക്കുകയും ഷോള്‍ഡറില്‍ തഴുകുകയും ചെയ്തത്. ആ സമയത്ത് ഞാന്‍ പെട്ടെന്ന് ഷോക്ക് ആയിപ്പോയി. എന്താണ് ചെയ്യേണ്ടത്, എന്താണ് നടക്കുന്നത് എന്ന് അറിയാത്ത രീതിയില്‍ ഞാന്‍ ഷോക്ക് ആയിപ്പോയി.

പക്ഷെ ഞാന്‍ ആ സമയത്ത് തന്നെ ആ കൈ എടുത്തു മാറ്റാന്‍ വേണ്ടി ഞാന്‍ പിന്നോട്ട് വലിഞ്ഞു. എന്റെ പെട്ടെന്നുള്ള പ്രതികരണമായിരുന്നു അത്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം മാധ്യമപ്രവര്‍ത്തകയാണ്, ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്. എനിക്ക് തുടര്‍ ചോദ്യങ്ങളുമുണ്ടായിരുന്നു. അതുകൊണ്ട് വീണ്ടും ചോദിച്ചു, ആ സമയത്തും അദ്ദേഹത്തിന്റെ പ്രതികരണം അങ്ങനെ തന്നെയായിരുന്നു. സുരേഷ് ഗോപി എന്റെ ഷോള്‍ഡറില്‍ കൈ വയ്ക്കുകയാണ് ഉണ്ടായത്. പക്ഷെ ആ സംഭവം എനിക്ക് ഒട്ടും സഹിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു. മാനസികമായി വളരെ വിഷമമുണ്ടാക്കിയ കാര്യമാണ്. ഷോക്ക് ആയിപ്പോയ സന്ദര്‍ഭമായിരുന്നു. ആ സമയത്ത് കൈ പിടിച്ച് മാറ്റുകയാണ് ഉണ്ടായത്.

വലിയ രീതിയിലേക്ക് ഒരു ട്രോമയിലേക്ക് എത്തുന്ന രീതിയില്‍ ആ സംഭവം എനിക്ക് മാറിയിട്ടുണ്ടായിരുന്നു. ഇതൊരു ശരിയായ പ്രവണതയേ അല്ല. ഇനിയും ഒരുപാട് മാധ്യമപ്രര്‍ത്തകര്‍ക്ക് നേരിടേണ്ടി വരാവുന്ന, മുമ്പ് നേരിട്ട സംഭവമാണ്. അതുകൊണ്ട് ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ അതിനെ ഞാന്‍ അഡ്രസ് ചെയ്‌തേ മതിയാവൂ എന്നുള്ളത് എന്റെ ബോധ്യമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്. സുരേഷ് ഗോപി അതുമായി ബന്ധപ്പെട്ട് മാപ്പ് പറഞ്ഞിട്ടുണ്ട്. അത് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ കാണുകയും ചെയ്തിട്ടുണ്ട്. എനിക്ക് അത് തെറ്റായി തോന്നിയിട്ടുണ്ടെങ്കില്‍ എന്നത് അല്ല, അത് തെറ്റാണെന്ന് അദ്ദേഹം തന്നെ മനസിലാക്കണം.

ഒരാളുടെ അനുവാദമില്ലാതെ ഒരാളുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുക, അത് എനിക്ക് മോശമായി തന്നെയാണ് തോന്നിയത്. അതൊരു മാപ്പ് പറച്ചിലായിട്ട് അല്ല, എന്താണ് ചെയ്തത് എന്ന വിശദീകരണമായിട്ടാണ് തോന്നിയത്. എന്നാല്‍ എന്നെ സംബന്ധിച്ച് അങ്ങനെയല്ല. ഒരു മാധ്യമപ്രവര്‍ത്തകയ്ക്കും ഇങ്ങനൊരു അനുഭവമുണ്ടാകരുത് എന്ന ഉദ്ദേശത്തോടെയാണ് ഞാന്‍ നിയമനടപടിയുമായി മുന്നോട്ട് പോകുന്നത്. ഇതൊരു മാപ്പ് പറച്ചിലായി എനിക്ക് തോന്നിട്ടില്ല. അദ്ദേഹം എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് അറിയില്ല.

Post a Comment

Previous Post Next Post
Join Our Whats App Group