വായാട്ടുപറമ്പ്: കഴിഞ്ഞദിവസം വായാട്ടുപറമ്പിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വയനാട്ടുപറമ്പ് കവലയിലെ തെക്കേവീട്ടിൽ സുകുമാരൻ (51) മരിച്ചു.
ഇതേ അപകടത്തിൽ നടുവിലെ വീട്ടിൽ ടോംസൺ (48) മരണപ്പെട്ടതിന് പിന്നാലെയാണു സുകുമാരന്റെയും മരണം. രണ്ടു യുവാക്കളുടെ മരണം എക്സൈസ് അധികൃതർക്കെതിരേ വലിയ പ്രതിഷേധമാണ് നാട്ടിൽ ഉണ്ടാക്കിയിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് വായാട്ടുപറമ്പ് പള്ളിക്കു സമീപം മലയോര ഹൈവേയിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റ ഇരുവരെയും കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.
ഇവർ രണ്ടുപേരും ആലക്കോട് ബീവറേജസിൽ നിന്നും മദ്യവും വാങ്ങി വായാട്ടുപറമ്പിലേക്കു വരികയായിരുന്നു. ഇതറിഞ്ഞ തളിപ്പറമ്പ് എക്സൈസ് സംഘമാണ് ഇവരെ പിന്തുടർന്നത്.
അമിതവേഗത്തിൽ ബൈക്കിൽ പോകുമ്പോൾ ഇവർ വായാട്ടുപറമ്പ് കവലയിൽ നിന്നുള്ള റോഡിൽ നിന്നും മലയോര ഹൈവേയിലേക്ക് പ്രവേശിക്കുമ്പോഴാണ് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്.
ഉടൻതന്നെ ഇവരെ തളിപ്പറമ്പ് എക്സൈസ് സംഘം ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവർ കൈവശം വച്ചിരുന്നത് ബീവറേജസിലെ മദ്യം ആണെന്നും അളവിൽ കവിഞ്ഞ മദ്യം കൈയിൽ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
എക്സൈസ് സംഘം പിന്തുടർന്നതിനാൽ ആണ് അമിത വേഗതയിൽ പോകേണ്ടി വന്നതെന്നും ആയതിനാൽ അപകടത്തിനു കാരണക്കാർ എക്സൈസ് സംഘമാണെന്നും അതിനാൽ എക്സൈസിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് സജീവ് ജോസഫ് എംഎൽഎയും തോംസണിന്റെ മാതാപിതാക്കളും പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു.
പരേതരായ കൃഷ്ണൻ-കല്യാണി ദമ്പതികളുടെ മകനാണ് രോഗിയും അവിവാഹിതനുമായ സുകുമാരൻ. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ നടക്കും. സഹോദരങ്ങൾ: ദേവു, വാസു, സഹദേവൻ, അനന്തൻ, ഭാസ്കരൻ, ലത.
Post a Comment