കൊച്ചി: കളമശ്ശേരില്‍ ഒരാളുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രാര്‍ത്ഥനയ്ക്കിടെയാണ് ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായതെന്നും സ്റ്റേജിനോട് ചേര്‍ന്ന് തുടര്‍ച്ചയായി പൊട്ടിത്തെറി ഉണ്ടായിയെന്നും ദൃക്സാക്ഷികള്‍ പറയുന്നു. രണ്ടായിരത്ത് അഞ്ഞൂറോളം ആളുകള്‍ ഹാളിലുണ്ടായിരുന്നുവെന്നും ദൃക്സാക്ഷി പറയുന്നു.
കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററില്‍ ഇന്ന് രാവിലെ 9.30 ഓടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. യഹോവ സാക്ഷികളുടെ മേഖല സമ്മേളനം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്.
സ്ഫോടനം നടന്ന ഹാള്‍ പൊലീസ് സീല്‍ ചെയ്തു. എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രാര്‍ത്ഥന തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ സ്ഫോടനം ഉണ്ടായിയെന്നാണ് ദൃക്സാക്ഷി പറയുന്നത്. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി ഇടവകകളിൽ നിന്നുള്ളവരാണ് സമ്മേളനത്തിനെത്തിയതെന്നും ദൃക്സാക്ഷി പറയുന്നു.
Post a Comment