കണ്ണൂര്‍: കണ്ണൂരില്‍ ഗാനമേളയ്ക്കിടെ മേയറെ യുവാവ് കയ്യേറ്റം ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി കോര്‍പ്പറേഷന്‍. മേയറെ കയ്യേറ്റം ചെയ്ത പ്രതി മദ്യപിച്ചോ എന്നറിയാൻ പരിശോധന പോലും നടത്താതെയാണ് പൊലീസ് വിട്ടയച്ചെന്നാണ് കോർപ്പറേഷന്‍റെ ആക്ഷേപം. പൊലീസിനെതിരെ ആരോപണവുമായി കണ്ണൂര്‍ മേയര്‍ ടി.ഒ. മോഹനന്‍ രംഗത്തെത്തുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രതി ജബ്ബാറിനെ 20 മിനിറ്റിനുളളിൽ പൊലീസ് വിട്ടയച്ചുവെന്നും പിന്നീട് പ്രതി വീണ്ടും വേദിയിലെത്തി ഭീഷണിപ്പെടുത്തിയെന്നും മദ്യലഹരിയിലായിരുന്ന ഇയാളെ യാതൊരു പരിശോധനക്കും വിധേയമാക്കിയില്ലെന്നും മേയര്‍ ടി.ഒ മോഹനന്‍ ആരോപിച്ചു. മേയറെയും കൗൺസിലർമാരെയും കയ്യേറ്റം ചെയ്ത പ്രതിയെ മിനിറ്റുകൾക്കുളളിൽ വിട്ടയച്ചതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന ദസറ ആഘോഷത്തിൽ കണ്ണൂർ ഷെരീഫിന്‍റെയും സംഘത്തിന്‍റെയും ഗാനമേള നടക്കുന്നതിനിടെയാണ് അലവിൽ സ്വദേശി ജബ്ബാർ സ്റ്റേജിൽ കയറി നൃത്തം തുടങ്ങിയത്. അലങ്കോലമാകുമെന്ന് കണ്ടപ്പോൾ ഗാനമേള ട്രൂപ്പ് ഇയാളെ സ്റ്റേജിൽ നിന്ന് മാറ്റണമെന്ന് വളണ്ടിയർമാരോട് ആവശ്യപ്പെട്ടു. അനുനയിപ്പിച്ച് പുറത്താക്കിയെങ്കിലും വൈകാതെ ജബ്ബാർ വീണ്ടും പാഞ്ഞുകയറുകയായിരുന്നു. പിടിച്ചുമാറ്റാനെത്തിയപ്പോഴാണ് ജബ്ബാര്‍ മേയറെയും മര്റു കൗണ്‍സിലര്‍മാരെയും പിടിച്ചു തള്ളിയത്. കൗൺസിലർ എംപി രാജേഷിനെയും ജബ്ബാർ തളളിയിട്ടു. മദ്യലഹരിയിലായിരുന്ന ഇയാളെ പിന്നീട് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കേസെടുത്തു. എന്നാൽ മിനിറ്റുകൾക്കകം ഇയാൾ വേദിയിൽ തിരിച്ചെത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മേയറുടെ പരാതി.
Post a Comment