ഇരിട്ടി: ഇരുചക്ര വാഹനത്തിൽ മദ്യവിൽപ്പന നടത്തുകയായിരുന്ന ആളെ എക്സൈസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം കോളിക്കടവ് കൂവക്കുന്ന് സ്വദേശി പുത്തൻപുരയിൽ അശോകൻ (55) നെയാണ് മട്ടന്നൂർ എക്‌സൈസ് റെയിഞ്ച് സംഘം പിടികൂടിയത്. മദ്യം ആവശ്യമുണ്ടെന്ന വ്യാജേന എക്സൈസ് സംഘം ഇയാളുടെ ഫോൺ നമ്പറിൽ ബന്ധപ്പെടുകയും മഫ്തിയിലെത്തിയ സംഘം ഇയാളെ വലയിലാക്കുകയുമായിരുന്നു. പായംമുക്ക് മൈലാടും പാറയിൽ വച്ച് എക്‌സൈസ് സംഘത്തിന് മദ്യം നൽകുന്നതിനിടയിലാണ് ഇയാൾ പിടിയിലാവുന്നത്.
ഇരുചക്ര വാഹനത്തിൽ ഗ്ലാസും വെള്ളവും മദ്യവും കരുതിയാണ് ഇയാളുടെ യാത്ര. ചെറുപ്രായക്കാർക്ക് വരെ ഇയാൾ മദ്യം നൽകുന്നതായുള്ള പരാതികൾ എക്‌സൈസിന് ലഭിച്ചിരുന്നു. കോളിക്കടവ്, പായം, ഊവാപ്പള്ളി, കരിയാൽ തുടങ്ങി സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ മദ്യ വിൽപ്പന. പിടിലാകുമ്പോൾ ഒന്നര ലിറ്ററിലധികം അധികം മദ്യം ഇയാളുടെ കൈവശം ഉണ്ടായിരുന്നു. മട്ടന്നൂർ എക്‌സൈസ് റെയിഞ്ച് പ്രിവന്റ്റ്റീവ് ഓഫീസർമാരായ സുലൈമാൻ, കെ. ഉത്തമൻ, കെ.കെ. ഷാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.പി. ഹാരിസ്, വി.എൻ. സതീഷ്, സി .വി. റിജുൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസറായ എൻ. ലിജിന എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
Post a Comment