Join News @ Iritty Whats App Group

ഇങ്ങനെയല്ല നമ്മുടെ ഇന്ത്യ; ഗാസ വിഷയത്തിലെ നടപടി വേദനാജനകം; രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് മുറിവേറ്റു; മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യന്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ് ഒപ്പം വേദനാജനകവുമാണെന്ന് കോണ്‍ഗ്രസ്. അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്‍പില്‍ ഇന്ത്യ എന്ന രാജ്യം ഇന്നേവരെ ഉയര്‍ത്തിപ്പിടിച്ച മഹത്തായ മൂല്യങ്ങള്‍ക്ക് മുറിവേറ്റിരിക്കുന്നു. സമാധാനത്തിനും സഹായത്തിനുമായി ഉറ്റുനോക്കുന്നവരുടെ കണ്ണുകളില്‍ ചരിത്രത്തിലാദ്യമായി നമ്മുടെ രാജ്യത്തിന്റെ മുഖം വികൃതമാക്കപ്പെട്ടിരിക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.

ഇങ്ങനെയായിരുന്നില്ല നമ്മുടെ ഇന്ത്യ. എക്കാലവും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച രാജ്യമായിരുന്നു ഇത്. ഒരുകാലത്ത് ഏത് പ്രതിസന്ധിയിലും ലോക രാജ്യങ്ങള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന രാജ്യം എന്നത് ഇന്ത്യയായിരുന്നു. അഹിംസയുടെയും സത്യത്തിന്റെയും തത്വങ്ങളില്‍ ഊന്നിയാണ് നമ്മുടെ രാജ്യം സൃഷ്ടിക്കപ്പെട്ടത്. ജീവിതത്തില്‍ മുഴുവന്‍ ഈ തത്വങ്ങള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമരസേനാനികള്‍ മാതൃകയാക്കിയിരുന്നു. ഇന്ത്യയുടെ ധാര്‍മിക ശക്തിയെയാണ് അവര്‍ പ്രതിനിധാനം ചെയ്തിരുന്നത്.

ഈ അടിസ്ഥാന മൂല്യങ്ങള്‍ പോലും ചവിട്ടിയരക്കപ്പെട്ടിരിക്കുന്നു.
ഗാസയിലെ നിസ്സഹായരും നിരപരാധികളുമായ മനുഷ്യര്‍ക്ക് വ്യോമാക്രമണങ്ങളിലും ഇസ്രായേല്‍ അധിനിവേശത്തിലും ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന യാഥാര്‍ഥ്യമെങ്കിലും ഈ ഭരണകൂടം ഓര്‍ക്കണമായിരുന്നു. അങ്ങനെയുള്ളപ്പോള്‍ വെടിനിര്‍ത്തലിനെ പിന്തുണയ്ക്കേണ്ടത് സമാധാനം ആഗ്രഹിക്കുന്ന ഓരോ മനുഷ്യനുമാണ് എന്നത് ഇന്ത്യന്‍ ഭരണകൂടം തിരിച്ചറിയണമായിരുന്നു.

ആ നിലയ്ക്ക് ഇന്ത്യ പോലൊരു രാജ്യം വെടിനിര്‍ത്തല്‍ കാംക്ഷിക്കുമെന്നത് ലോകരാജ്യങ്ങള്‍ അടക്കം ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതുമാണ്. എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല, ലോകത്തിന് മുന്നില്‍ ഈ രാജ്യത്തെ നാണം കെടുത്തുന്ന സ്ഥിതി വരെയുണ്ടായി. എല്ലാ മാനുഷിക നിയമങ്ങളും ലംഘിച്ച് പലസ്തീനിലെ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും ജീവന്റെ നിലനില്‍പിന് ആവശ്യമായ അടിസ്ഥാന ആവശ്യങ്ങളും നിഷേധിക്കപ്പെടുമ്പോള്‍ ആ വിഷയത്തില്‍ ഇന്ത്യ ഒരു നിലപാടെടുക്കാതിരിക്കുന്നത് രാഷ്ട്രമെന്ന നിലയില്‍ നമ്മള്‍ നേടിയ എല്ലാ പുരോഗതികള്‍ക്കും എതിരാണ്. തനി ഫാസിസ്റ്റ് ഭരണകൂടത്തിന് മാത്രമേ ഇതിന് വിട്ടുനില്‍ക്കാന്‍ കഴിയൂ. ഇന്ത്യയെ ലോകത്തിന് മുന്നില്‍ അപമാനിച്ച ഭരണകൂടം ഈ രാജ്യത്തോട് മാപ്പ് പറഞ്ഞേ മതിയാകൂവെന്ന് അദേഹം ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group