Join News @ Iritty Whats App Group

'വെളുക്കാന്‍ ക്രീം, ബാധിച്ചത് വൃക്ക രോഗം'; അന്വേഷണം ഊര്‍ജിതമാക്കിയെന്ന് മലപ്പുറം ഡ്രഗ്‌സ് കണ്‍ട്രോളര്‍

മലപ്പുറം: വ്യാജ സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചത് മൂലം വൃക്ക തകരാറിലായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി മലപ്പുറം ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗം. വിപണിയില്‍ വരുന്ന ഇത്തരം ക്രീമുകള്‍ക്ക് കൃത്യമായ നിര്‍മാണ മേല്‍വിലാസമോ ഗുണനിലവാരമോ ഇല്ലെന്നും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെന്നും ഒട്ടേറെ വ്യാജ പാക്കറ്റുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയെന്നും ജില്ല മെഡിക്കല്‍ ഓഫീസറും അറിയിച്ചിട്ടുണ്ട്. 

ജില്ലയില്‍ ചര്‍മം വെളുപ്പിക്കാന്‍ ക്രീമുകള്‍ ഉപയോഗിച്ച 11 പേരില്‍ വൃക്കരോഗം കണ്ടെത്തിയിരുന്നു. ഇതില്‍ ഗുരുതരാവസ്ഥയിലായിരുന്ന 14കാരി തുടര്‍ച്ചയായി ഒരു ലേപനം ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. സമാന ലക്ഷണങ്ങളുമായി എത്തിയവരും ഈ ക്രീം ഉപയോഗിച്ചിരുന്നതായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ വിഭാഗം മേധാവി കണ്ടെത്തി. തുടര്‍ന്നാണ് ഈ കമ്പനിയെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയത്. 

മലപ്പുറം: സൗന്ദര്യ വര്‍ധക ക്രീമുകള്‍ വൃക്ക രോഗത്തിന് കാരണമാകുന്നുവെന്ന കണ്ടെത്തലുമായി കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം. തൊലി വെളുക്കാനുള്ള ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ച സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ള രോഗികളിലാണ് മെമ്പനസ് നെഫ്രോപ്പതി എന്ന അപൂര്‍വ്വമായ വൃക്കരോഗം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രവരി മുതല്‍ ജൂണ്‍ വരെയുള്ള സമയപരിധിക്കിടയില്‍ ചികിത്സ തേടിയെത്തിയ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ള രോഗികളിലാണ് മെമ്പനസ് നെഫ്രോപ്പതി (എം.എന്‍) എന്ന അപൂര്‍വ്വമായ വൃക്കരോഗം തിരിച്ചറിയപ്പെട്ടത്. 

ഇവരില്‍ മഹാഭൂരിപക്ഷം പേരും തൊലി വെളുക്കാനുള്ള ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചവരായിരുന്നുവെന്നാണ് കണ്ടെത്തല്‍. 14 വയസുകാരിയായ പെണ്‍കുട്ടിയിലാണ് ഇത് ആദ്യം ശ്രദ്ധയില്‍പ്പെടുന്നത്. മരുന്നുകള്‍ ഫലപ്രദമാകാതെ കുട്ടിയുടെ അവസ്ഥ ഗുരുതരമായി മാറിയ സാഹചര്യത്തില്‍ പതിവില്ലാത്തതെന്തെല്ലാം കാര്യങ്ങളാണ് കുട്ടി ഉപയോഗിച്ചതെന്ന അന്വേഷണത്തിലേക്ക് എത്തുകയായിരുന്നു ഡോക്ടര്‍മാര്‍. ഇതോടെ പ്രത്യേക ഫെയര്‍നസ്സ് ക്രീം അടുത്ത ദിവസങ്ങളില്‍ ഉപയോഗിച്ചതായി മനസ്സിലാക്കി. എന്നാല്‍ ഇത് രോഗകാരണമെന്ന് ആ സന്ദര്‍ഭത്തില്‍ ഉറപ്പിച്ചിരുന്നില്ല. ഇതേ സമയത്ത് തന്നെ കുട്ടിയുടെ ബന്ധുവായ മറ്റൊരാള്‍ കൂടി സമാനരോഗാവസ്ഥയുമായി ചികിത്സ തേടിയെത്തി. 

ഇരുവര്‍ക്കും അപൂര്‍വ്വമായ നെല്‍ 1 എം.എന്‍ പോസിറ്റീവായിരുന്നു. അന്വേഷണത്തില്‍ ഈ കുട്ടിയും ഫെയര്‍നസ്സ് ക്രീം ഉപയോഗിച്ചതായി തെളിഞ്ഞു. ഇതിനിടെ 29 വയസ്സുകാരനായ മറ്റൊരു യുവാവ് കൂടി സമാന ലക്ഷണവുമായി വരികയും അന്വേഷണത്തില്‍ ഇതേ ഫെയര്‍നസ്സ് ക്രീം രണ്ട് മാസമായി ഉപയോഗിച്ചതായി തെളിയുകയും ചെയ്തു. ഇതോടെ സമാന ലക്ഷണങ്ങളുമായി ചികിത്സ തേടിയ മുഴുവന്‍ രോഗികളേയും വിളിച്ച് റീവിസിറ്റ് നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതില്‍ എട്ടുപേര്‍ ഫെയര്‍നസ്സ് ഫേസ് ക്രീം ഉപയോഗിച്ചവരാണെന്ന് മനസ്സിലായി. ഇതോടെ രോഗികളെയും അവര്‍ ഉപയോഗിച്ച ഫേസ് ക്രീമിനേയും വിശദ പരിശോധനയ്ക്ക് വിധേയമാക്കിയെന്നാണ് കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ സീനിയര്‍ നെഫ്രോളജിസ്റ്റുമാരായ ഡോ. സജീഷ് ശിവദാസും, ഡോ. രഞ്ജിത്ത് നാരായണനും പറയുന്നത്. ഈ പരിശോധനയില്‍ മെര്‍ക്കുറിയുടേയും ഈയ്യത്തിന്റെയും അളവ് അനുവദനീയമായതിനേക്കാള്‍ 100 മടങ്ങ് അധികമാണെന്നും കണ്ടെത്തി. ഉപയോഗിക്കപ്പെട്ട ഫെയര്‍നസ്സ് ക്രീമുകളില്‍ ഇന്‍ഗ്രീഡിയന്‍സ് സംബന്ധിച്ചോ, നിര്‍മ്മാണം സംബന്ധിച്ചോ യാതൊരു വിവരങ്ങളും ഉണ്ടായിരുന്നില്ലയെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group