കോഴിക്കോട് വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം നടത്തിയ മൂന്ന് പേര്‍ പിടിയില്‍. ലോഡ്ജില്‍ താമസിച്ചിരുന്ന ഡോക്ടറെയാണ് യുവതി ഉള്‍പ്പെട്ട സംഘം ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം കവര്‍ച്ച നടത്തിയത്. പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഹൗസില്‍ മുഹമ്മദ് അനസ് ഇകെ, കുന്ദമംഗലം നടുക്കണ്ടിയില്‍ ഗൗരീശങ്കരത്തില്‍ ഷിജിന്‍ദാസ്, പാറേപ്പടി മണിക്കത്താഴെ ഹൗസില്‍ അനുകൃഷ്ണ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപം ആണ് സംഭവം നടന്നത്. രാത്രിയില്‍ നഗരത്തില്‍ നിന്ന് ഡോക്ടറെ പരിചയപ്പെട്ട സംഘം ഡോക്ടറുടെ മുറി മനസിലാക്കിയ ശേഷം പുലര്‍ച്ചെ വടിവാളുമായെത്തി ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയത്. പണം കൈയില്‍ ഇല്ലെന്ന് അറിയിച്ച ഡോക്ടറോട് സംഘം ഗൂഗിള്‍ പേ വഴി പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് 2,500 രൂപ ഗൂഗിള്‍ പേ വഴി പണം തട്ടിയെടുക്കുകയായിരുന്നു.
ലഹരിയ്ക്ക് അടിമകളായ സംഘം മയക്ക് മരുന്ന് വാങ്ങുന്നതിനായാണ് മോഷണം നടത്തിയതെന്ന പൊലീസ് അറിയിച്ചു. അനുകൃഷ്ണയും അനസും ആറ് മാസമായി ഒരുമിച്ച് ആയിരുന്നു താമസം. മോഷണം നടത്തിയ ശേഷം ഇവര്‍ ഡല്‍ഹിയിലേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ കവര്‍ച്ച നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ മൂവര്‍ സംഘം പൊലീസ് പിടിയിലായി. ഇവരില്‍ നിന്ന് ആയുധങ്ങളും കൃത്യത്തിനായി ഉപയോഗിച്ച ബൈക്കും ഫോണുകളും പൊലീസ് പിടിച്ചെടുത്തു.
Post a Comment