Join News @ Iritty Whats App Group

അവധിയിലുള്ള ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകര്‍ അടിയന്തരമായി തിരിച്ചെത്തണം; കളമശേരിയില്‍ പൊട്ടിത്തെറിയില്‍ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കളമശേരിയില്‍ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തില്‍ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി.

കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റാശുപത്രികളിലും സൗകര്യമൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ഇന്ന് രാവിലെ രാവിലെ 9 .30 നാണ് കളമശ്ശേരിയില്‍ ഉഗ്രസ്‌ഫോടനം ഉണ്ടായത്. ഒരു സ്ത്രീ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. യഹോവാ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനം നടന്നത്. ഏകദേശം 2000-ത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. എല്ലാവരും പ്രാര്‍ത്ഥനാ സമയത്ത് കണ്ണടച്ചിരിക്കുമ്പോഴാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറയുന്നു. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്ഫോടനം നടന്നത്. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group