Join News @ Iritty Whats App Group

കളമശ്ശേരി സ്‌ഫോടന കേസ്; കൊടകര സ്‌റ്റേഷനില്‍ ഒരാള്‍ കീഴടങ്ങി; കണ്ണൂരില്‍ സംശയത്തെ തുടര്‍ന്ന് ഒരാള്‍ അറസ്റ്റില്‍


കൊച്ചി കളമശ്ശേരിയില്‍ നടന്ന സ്‌ഫോടനത്തില്‍ അന്വേഷണം തുടരുന്നതിനിടെ സ്‌ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് ഒരാള്‍ കീഴടങ്ങി. തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനിലാണ് കൊച്ചി സ്വദേശിയെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരാള്‍ കീഴടങ്ങിയിരിക്കുന്നത്. ഉച്ചയ്ക്ക് 1.30ന് ആണ് `കൊച്ചി സ്വദേശിയായ മാര്‍ട്ടിന്‍ സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് നല്‍കിയിട്ടില്ല.

അതേ സമയം കണ്ണൂരിലും ഒരാളെ സംശയത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. റെയില്‍വേ സ്റ്റേഷനില്‍ നടന്ന സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഒരു യാത്രക്കാരനെ സംശയത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. സംസ്ഥാന വ്യാപകമായ പരിശോധനയ്ക്കായി സ്‌റ്റേഷനുകളുടെ അതിര്‍ത്തികള്‍ അടച്ചുള്ള പരിശോധനയ്ക്ക് പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജില്ലാ അതിര്‍ത്തികളും അടച്ച് പരിശോധന നടത്താന്‍ പൊലീസിന് നിര്‍ദ്ദേശമുണ്ട്. സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ അതിര്‍ത്തികളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. പൊലീസ് മേധാവി കളമശേരിയില്‍ എത്തിയിട്ടുണ്ട്. രാവിലെ 9.45ന് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്‌ഫോടനം നടക്കുമ്പോള്‍ 2500 പേര്‍ സെന്ററിലുണ്ടായിരുന്നു. സംഭവത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലിബിന എന്ന സ്ത്രീയാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group