Join News @ Iritty Whats App Group

സിപ് അപുകളിലും മിഠായികളിലും കൃത്രിമ നിറം, സ്‌കൂൾ പരിസരത്തെ കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; 81 കടകൾ അടച്ചുപ്പൂട്ടും

സ്‌കൂള്‍ പരിസരത്ത് വില്‍ക്കപ്പെടുന്ന ഭക്ഷണങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവില്‍ സ്കൂള്‍ പരിസരങ്ങളിലുള്ള 2792 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി.

സ്കൂള്‍ പരിസരങ്ങളില്‍ കൃത്രിമ നിറം ചേര്‍ത്ത് ഭക്ഷ്യ വസ്തുക്കൾ വില്‍ക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് നടപടി. മിഠായികള്‍, ശീതള പാനീയങ്ങള്‍, ഐസ്‌ക്രീമുകള്‍, സിപ് അപ്, ചോക്ലേറ്റ്, ബിസ്‌ക്കറ്റ് എന്നിവയുടെ ഗുണനിലവാരമാണ് പരിശോധിച്ചത്. ഇത്തരം ഭക്ഷണ സാധനങ്ങളുടെ സുരക്ഷിതത്വത്തെ സംബന്ധിച്ച പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

പരിശോധനയിൽ വിവിധ കാരണങ്ങളാല്‍ 81 കടകള്‍ക്കെതിരെ അടച്ചുപൂട്ടല്‍ നടപടികള്‍ സ്വീകരിച്ചു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 138 കടകള്‍ക്ക് നോട്ടീസ് നല്‍കി. 124 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. 110 കടകളില്‍ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. 719 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.

കൃത്രിമ നിറങ്ങളും ഗുണനിലവാരമില്ലാത്ത സാഹചര്യങ്ങളില്‍ നിര്‍മ്മിക്കുന്നതും കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും. കുട്ടികളെ മാത്രം ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സ്‌കൂള്‍ പരിസരങ്ങളില്‍ ധാരാളം കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കടയുടമകളെല്ലാവരും തന്നെ വില്‍ക്കുന്ന ഭക്ഷണ സാധനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതാണ്. പരിശോധനയില്‍ കടകളില്‍ ലഭ്യമായ ഇത്തരം വസ്തുക്കള്‍ നിര്‍മ്മിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും പൂര്‍ണമായ വിവരങ്ങള്‍ ശേഖരിച്ചു.

ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങള്‍ കണ്ടെത്തിയാല്‍ ഭക്ഷണങ്ങള്‍ നിര്‍മ്മിക്കുന്നവര്‍, മൊത്തവില്‍പനക്കാര്‍, വിതരണക്കാര്‍ എന്നിവര്‍ക്കെതിരെയും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നിയമനടപടി സ്വീകരിക്കും. ഉപഭോക്താക്കള്‍ കുട്ടികളായതിനാല്‍ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group