Join News @ Iritty Whats App Group

അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് എത്തിയത് രാത്രി 7.45ന്; യുവതിയും സുഹൃത്തും ആദ്യം കുടുങ്ങി, പിന്നാലെ മൂന്നാമനും


കൊച്ചി: കൊച്ചിയിൽ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന വൻ മയക്കുമരുന്ന് വേട്ടയില്‍ ഒരു യുവതി ഉൾപ്പെടെ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്. തൃപ്പൂണിത്തുറയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ പരിശോധനയിലാണ് യുവതിയും സുഹൃത്തും ആദ്യം അറസ്റ്റിലായത്. 22.50 ഗ്രാം എംഡിഎംഎയും 56.58 ഗ്രാം കഞ്ചാവും ഇവിടെ നിന്ന് പൊലീസ് സംഘം കണ്ടെടുത്തു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈറ്റില മെട്രോ സ്റ്റേഷനില്‍ പരിശോധന നടത്തിയപ്പോഴാണ് സംഘത്തിലെ മറ്റൊരാള്‍ കൂടി പിടിയിലായത്.

കൊല്ലം കിളികൊല്ലൂര്‍ പ്രഗതി നഗര്‍ സ്വദേശിയായ ബിലാല്‍ മുഹമ്മദ് (34), കണ്ണൂര്‍ മേവാഞ്ചേരി സ്വദേശി ആരതി ഗിരീഷ് (29) എന്നിവരാണ് തൃപ്പൂണിത്തുറ ഞാണംതുരുത്ത് ഭാഗത്തെ കോതെടുത്ത് ലൈനിലുള്ള ജേക്കബ് അപ്പാർട്ട്മെന്റിൽ നിന്ന് പിടിയിലായത്. രാത്രി 7.45ഓടെ ഇവിടെയെത്തിയ കൊച്ചി സിറ്റി ഡാൻസാഫ് ടീമും ഹിൽപാലസ് പോലീസും പരിശോധന നടത്തിയപ്പോള്‍ 22.50 ഗ്രാം എംഡിഎംഎയും 56.58 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രി പത്തരയോടെ കൊച്ചി സിറ്റി ഡാൻസാഫ് ടീമും കൊച്ചി മെട്രോ പോലീസും ചേർന്ന് വൈറ്റില മെട്രോ സ്റ്റേഷനിൽ പരിശോധനയ്ക്ക് എത്തിയത്. ഇവിടെ വെച്ച് മാവേലിക്കര സ്വദേശിയായ സിബിന്‍ ബേബി (31) എന്നയാളും പി‍ടിയിലായി. 18.64 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. 

ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ബിലാലെന്ന് പൊലീസ് പറഞ്ഞു. കൊല്ലം എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ച് ആരതിയുടെയും സിബിൻ ബേബിയുടെയും സഹായത്തോടെ വിൽപ്പന നടത്തിവരുകയായിരുന്നു. ഇവരുടെ സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് പറഞ്ഞു. കൊച്ചി നഗരത്തില്‍ മയക്കുമരുന്ന് വില്പനയും ഉപയോഗവും വർദ്ധിച്ച് വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണർ എ. അക്ബറിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്. ശശിധരന്റെ നേതൃത്വത്തിൽ നടത്തിവരുന്ന അന്വേഷണങ്ങളുടെ ഭാഗമായിട്ടായിരുന്നു പ്രത്യേക പരിശോധനകള്‍. 

ലഹരിക്കെതിരെ ഒരുമിച്ചു പോരാടാം
മയക്കുമരുന്നുകളുടെയും നിരോധിത ലഹരിവസ്തുക്കളുടെയും വിതരണവും ഉപയോഗവും സംബന്ധിച്ച് ആര്, എവിടെ, എപ്പോൾ എന്നീ വിവരങ്ങൾ രഹസ്യമായി പോലീസിന് കൈമാറാൻ സാധിക്കുന്ന വാട്സ്ആപ് അധിഷ്ഠിത അപ്ലിക്കേഷനാണ് യോദ്ധാവ്. വിവരങ്ങൾ ടെക്സ്റ്റ് ആയോ, വീഡിയോ ആയോ, ഓഡിയോ ആയോ 9995966666 എന്ന നമ്പറിൽ വാട്സ്ആപ് സന്ദേശങ്ങളായി യോദ്ധാവ് എന്ന ആപ്പിലേക്ക് അയക്കാവുന്നതാണ്. സന്ദേശം അയക്കുന്ന ആളുടെ വിവരങ്ങൾ പൂർണമായും രഹസ്യമായിരിക്കും. ഈ നമ്പറിൽ വാട്സ്ആപ് സംവിധാനം മാത്രമേയുള്ളൂ.

Post a Comment

Previous Post Next Post
Join Our Whats App Group