തലശേരി: നഗരത്തിൽ ജിഎസ്ടി എൻഫോഴ്സ്മെന്റ് നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി കടത്തുകയായിരുന്ന നാലായിരം ലിറ്റർ ഡീസൽ പിടികൂടി.
ജിഎസ്ടി എൻഫോഴ്സ്മെന്റ് ഓഫീസർ സൽജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ടാങ്കറിൽ കടത്തുകയായിരുന്ന ഡീസൽ പിടികൂടിയത്. സംഘത്തിൽനിന്നു നാലര ലക്ഷം രൂപ പിഴയീടാക്കി.
സ്ക്വാഡിലെ അംഗങ്ങളായ ശ്രീജേഷ്, അനിൽകുമാർ, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് ഡീസൽ പിടികൂടിയത്.മാഹി മേഖലയിൽനിന്നു കേരളത്തിലെ വിവിധ ജില്ലകളിലേക്കു ഡീസൽ, പെട്രോൾ കടത്ത് തകൃതിയായിട്ടാണ് നടന്നു വരുന്നത്.
ഇത്തരം കള്ളക്കടത്തിനായി പ്രത്യേകം രൂപകല്പന ചെയ്ത വാഹനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. വിസർജ്യ വസ്തുക്കൾ കൊണ്ടു പോകുന്ന വിധത്തിലും എണ്ണക്കടത്ത് നടക്കുന്നുണ്ട്.
കോടിക്കണക്കിനു രൂപയാണ് ഈ ഇനത്തിൽ സംസ്ഥാന സർക്കാരിന് നഷ്ടപ്പെടുന്നത്. മാഹിയിൽ വിലക്കുറവുള്ളതിനാൽ സമീപ ജില്ലകളിൽനിന്നു നൂറു കണക്കിനു വാഹനങ്ങളാണ് ഇവിടെയെത്തി എണ്ണയടിക്കുന്നത്.
Post a Comment