മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി എം.ബി രാജേഷ്. ഇത് ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് നിയമഭേദഗതി നിര്‍ദ്ദേശിച്ചിരിക്കുന്നതിനെന്നും ഈ ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ശിക്ഷാനടപടികള്‍ ഏറ്റെടുക്കുവാനും നടപ്പിലാക്കാനുമുള്ള സെക്രട്ടറിയുടെ അധികാരങ്ങള്‍ വര്‍ധിപ്പിച്ചതായും മന്ത്രി പറഞ്ഞു.
മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനം സ്വന്തം ഭൂമിയോ, അല്ലെങ്കില്‍ സ്വകാര്യ ഭൂമിയോ കണ്ടെത്തുന്നതിന് മുന്‍ഗണന നല്‍കണമെന്നു വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. വേണമെങ്കില്‍ നിലവിലുള്ള നിയമത്തിന് അനുസരിച്ച് സ്വകാര്യ ഭൂമിയും ഏറ്റെടുക്കാം.
ഏതെങ്കിലും മാലിന്യ ഉത്പാദകന്‍ യൂസര്‍ ഫീ നല്‍കുന്ന കാര്യത്തില്‍ വീഴ്ചവരുത്തിയാല്‍, അത് പ്രതിമാസം അമ്പത് ശതമാനം പിഴയോടു കൂടി പൊതുനികുതി കുടിശ്ശികയായി ഈടാക്കാവുന്നതാണെന്നും ഭേദഗതിയില്‍ ഉണ്ട്. 90 ദിവസത്തിനു ശേഷവും യൂസര്‍ ഫീ നല്‍കാത്ത പക്ഷം മാത്രമായിരിക്കും ഇത്തരമൊരു നടപടിയിലേക്ക് കടക്കുകയെന്നും മന്ത്രി പറഞ്ഞു. ദരിദ്ര കുടുംബങ്ങള്‍ക്ക് യൂസര്‍ ഫീയില്‍ ഇളവ് നല്‍കും.
നൂറിലധികം ആളുകള്‍ ഒത്തുചേര്‍ന്ന പരിപാടികള്‍ക്ക് മൂന്ന് ദിവസം മുന്‍പെങ്കിലും പ്രസ്തുത തദ്ദേശ സ്ഥാപനത്തെ അറിയിക്കുകയും നിശ്ചയിച്ചിരിക്കുന്ന ഫീസ് നല്‍കി ചുമതലപ്പെടുത്തിയിട്ടുള്ള മാലിനും ശേഖരിക്കുന്നവര്‍ക്കോ ഏജന്‍സികള്‍ക്കോ കൈമാറേണ്ടതാണെന്നും മന്ത്രി പറഞ്ഞു. മുഴുവന്‍ വാര്‍ഡുകളിലും ചെറു മാലിന്യ സംഭരണ കേന്ദ്രങ്ങള്‍ (മിനി എംസിഎഫ്) നവംബര്‍ മാസം ഒടുവിലോടെ സജ്ജമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ വാര്‍ഡുകളിലു ചുരുങ്ങിയത് ഒരു മിനി എംസിഎഫ് എങ്കിലും സ്ഥാപിക്കണം. അംഗന്‍വാടികള്‍ ഒഴികെയുള്ള എല്ലാ ഘടക സ്ഥാപനങ്ങളിലും ഇവ സ്ഥാപിക്കണം.
വലിയ മാലിന്യ ഉല്പാദകരുടെ നിയമ ലംഘനം പിടികൂടുന്നതിനുള്ള പ്രത്യേക ഡ്രൈവ് ഈ മാസം നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് ചെറുക്കുന്നതിന് വ്യാപകമായ ക്യാമറ നിരീക്ഷണം ഡിസംബര്‍ മാസത്തോടെ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
പൊതു ഇടങ്ങളില്‍ മാല്യനങ്ങള്‍ നിക്ഷേപിക്കുന്നത് സംബന്ധിച്ച ദൃശ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒറ്റ വാട്സപ്പ് നമ്പര്‍ ലഭ്യമാക്കും. ഇതിലൂടെ കേന്ദ്രീകൃത മോണിറ്ററിങ്ങ് സാധ്യമാകും. ആളുകള്‍ വലിയ തോതില്‍ സമ്മേളിക്കുന്ന നഗര വീഥികളില്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പഞ്ചായത്തുകളില്‍ പ്രധാന ജംക്ഷന്‍ കേന്ദ്രീകരിച്ച് ബിന്നുകള്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.
‘മാലിന്യത്തില്‍ നിന്നും സമ്പത്ത്’ എന്ന കാഴ്ചപ്പാട് മുന്‍നിര്‍ത്തി സ്വകാര്യ സംരംഭകരുടെ അടക്കം പങ്കാളിത്തത്തോടെ വ്യവസായ വകുപ്പുമായി സഹകരിച്ച് പ്രത്യേക പരിപാടി തയ്യാറാക്കും. ആയിരത്തോളം കോടി രൂപ ഒരു വര്‍ഷം കേരളത്തിനകത്ത് ഇത് വഴി സൃഷ്ടിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ആദ്യഘട്ടത്തില്‍ 422 തദ്ദേശ സ്ഥാപനങ്ങളില്‍ 90 ശതമാനത്തിന് കൂടുതല്‍ വാതില്‍പ്പടി ശേഖരണം സാധ്യമായി. 298 തദ്ദേശ സ്ഥാപനങ്ങളിലെ ഈ കണക്ക് 75നും 90 ശതമാനത്തിനും ഇടയിലാണ്. 2958 ഹരിത കര്‍മ്മ സേന അംഗങ്ങളെ പുതിയതായി നിയമിച്ചതായും മന്ത്രി പറഞ്ഞു.
ക്യാമ്പയിന്‍ തുടങ്ങിയത് മുതല്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആകെ 4226 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 2.48 കോടിപിഴ ചുമത്തി. ഇതുവരെ 50 ലക്ഷത്തോളം പിഴ ഈടാക്കിയിട്ടുണ്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Post a Comment