Join News @ Iritty Whats App Group

സാധനം വാങ്ങുമ്പോള്‍ കിട്ടുന്ന ക്യാരിബാഗിന് 20 രൂപ ഈടാക്കി ; വന്‍കിടക്കാരായ കമ്പനിക്കെതിരേ യുവതി കോടതിയില്‍ പോയി ; 3000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി...!!


ബെംഗളൂരു: കമ്പനിയുടെ ലോഗോയുള്ള ക്യാരി ബാഗ് 20 രൂപയ്ക്ക് കച്ചവടച്ചരക്കാക്കിയ ഫര്‍ണീച്ചര്‍ വമ്പന്മാരെ കോടതിയില്‍ എത്തിച്ച് വനിതാ ഉപഭോക്താവ് നഷ്ടപരിഹാരമായി നേടിയെടുത്തത് 3000 രൂപ. മള്‍ട്ടിനാഷണല്‍ ഫര്‍ണിച്ചര്‍ റീട്ടെയിലര്‍മാരായ കമ്പനിയെയാണ് ഒരു സംഗീതാ ബോഹ്‌റ എന്ന യുവതി കോടതി കയറ്റിയത്. സാധനങ്ങള്‍ ഉപഭോക്താവിന് ഡെലിവറി ചെയ്യാവുന്ന അവസ്ഥയില്‍ എത്തിക്കുന്നതിനുള്ള എല്ലാ ചെലവുകളും വില്‍പ്പനക്കാരന്റെ ചുമതലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.

വ്യാപാര സമ്പ്രദായത്തില്‍ വ്യാപാരസ്ഥാപനം അന്യായം കാട്ടിയതായി കോടതി ചൂണ്ടിക്കാട്ടി. നവംബര്‍ 6 ന് നാഗാസാന്ദ്രയിലെ വ്യാപാര സ്ഥാപനത്തിലാണ് ജോഗുപാളയം സ്വദേശിനിയായ യുവതി കയറിയത്. ഇവര്‍ ഇവിടെ നിന്നും 2,428 രൂപയുടെ സാധനം വാങ്ങുകയും ചെയ്തു. എന്നാല്‍ ബില്ലിംഗ് കഴിഞ്ഞപ്പോള്‍ കാരിബാഗിന് കട ഇവരില്‍ നിന്നും 20 രൂപ ഇടാക്കി. എന്നാല്‍ ബ്രാന്‍ഡഡ് ബാഗ് താന്‍ എന്തിനാണ് വിലകൊടുത്തു വാങ്ങുന്നതെന്ന് യുവതി ചോദിച്ചപ്പോള്‍ സ്റ്റാഫുകള്‍ കടയെ ന്യായീകരിക്കുകയും ഉപഭോക്താവിന് 20 രൂപ കൊടുത്തു വാങ്ങുകയല്ലാതെ നിവര്‍ത്തിയില്ലാതെയും വന്നു. ബ്രാന്‍ഡിന്റെ ലോഗോയുള്ള ബാഗുകള്‍ പരസ്യത്തിന് തുല്യമാണെന്നും അത് വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്നത് വ്യാജവും അന്യായവുമായ വ്യാപാര സമ്പ്രദായവുമാണെന്ന് ചൂണ്ടിക്കാട്ടി യുവതി കമ്പനിക്ക് ലീഗല്‍ നോട്ടീസ് അയച്ചപ്പോള്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടെന്നുണ്ടെങ്കില്‍ പണം നല്‍കേണ്ട സാഹചര്യം ഇല്ലെന്നും ഇതില്‍ അന്യായപരമായ ഒന്നുമില്ലെന്നും കമ്പനി വാദിച്ചു.

2023 മാര്‍ച്ചില്‍ ബോഹ്‌റ ബംഗലുരുവിലെ അര്‍ബന്‍ ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് കണ്‍സ്യൂമര്‍ തര്‍ക്ക പരിഹാര കോടതിയില്‍ പരാതി നല്‍കി. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ബാഗുകള്‍ വാങ്ങാന്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഒരു തരത്തിലുമുള്ള നിര്‍ബന്ധതയില്ലെന്നും മറഞ്ഞിരിക്കുന്ന നിരക്കുകള്‍ അല്ലാതെ വില്‍പ്പനയില്‍ സംശയാസ്പദമായ ഒന്നും തന്നെയില്ലെന്നും കമ്പനി വാദിച്ചു. എന്നാല്‍ 2023 ഒക്ടോബര്‍ 4-ന്, ബെംഗളൂരു ഉപഭോക്തൃ ഫോറത്തിലെ ജഡ്ജിമാര്‍, സാധനങ്ങള്‍ ഡെലിവറി ചെയ്യാവുന്ന അവസ്ഥയിലേക്ക് മാറ്റുന്നതിന് വേണ്ടി വരുന്ന എല്ലാത്തരം ചെലവുകളും വില്‍പ്പനക്കാരന്‍ വഹിക്കണമെന്നും അതിനാല്‍ കമ്പനിയുടെ വാദം പരിഗണിക്കേണ്ടതില്ലെന്നും പറഞ്ഞു.

ക്യാരി ബാഗ് വാങ്ങുന്നത് ഓപ്ഷണല്‍ ആണെങ്കില്‍, ഉപഭോക്താവിന് സാധനങ്ങള്‍ക്കായി ബാഗുകള്‍ കൊണ്ടുവരാന്‍ കഴിയില്ല. വന്‍കിട ഷോറൂമുകളുടെ മനോഭാവത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച കോടതി സേവന പോരായ്മയും അന്യായ വ്യാപാര സമ്പ്രദായവും ചെയ്തിട്ടുണ്ടെന്നും, ഉപഭോക്താവിന് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും പറഞ്ഞു. ഉപഭോക്താവിന് നഷ്ടപരിഹാരമായി 1,000 രൂപയും അവളുടെ കോടതി ചെലവുകള്‍ക്കായി 2,000 രൂപയും നല്‍കുന്നതിന് പുറമെ, ബാഗിനായി ശേഖരിച്ച 20 രൂപ പലിശ സഹിതം തിരികെ നല്‍കാനും ഉത്തരവിട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group