Join News @ Iritty Whats App Group

പ്രളയ പുനരധിവാസ ഭവന പദ്ധതി; പായത്ത് 15 വീടുകൾ പൂർത്തിയാവുന്നു.

ഇരിട്ടി: അഞ്ചു വർഷം മുൻമ്പ് ഉണ്ടായ പ്രളയത്തിൽ കേരള -കർണ്ണാടക അതിർത്തിയ മാക്കൂട്ടത്ത് റവന്യു വകുപ്പിന്റെ പുഴ പുറമ്പോക്കിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾക്ക് നഷ്ടപ്പെട്ട വിടിന് പകരം പുതിയ വീട് പൂർത്തിയാവുന്നു. കിളിയന്തറയിൽ റവന്യു വകുപ്പ് വാങ്ങിയ ഒരേക്കർ സ്ഥലത്താണ് 15 കുടുംബങ്ങൾക്കാണ് വീടൊരുങ്ങുന്നത്. മഹാരാഷ്ടയിലെ ഹിന്ദുസ്ഥാൻ യൂണി ലിവർ കമ്പിനി സർക്കാറിന്റെ അഭ്യർത്ഥന സ്വീകരിച്ച് അവരുടെപൊതു നന്മാ ഫണ്ടിൽ നിന്നും അഞ്ചുകോടി രൂപ ചിലവഴിച്ചാണ് 15 വീടുകൾ പൂർത്തിയാക്കുന്നത്. 
2019-മാർച്ച് രണ്ടിന് അന്നത്തെ വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് ഭവന നിർമ്മാണ പ്രവ്യത്തി ഉദ്ഘാടനം നടത്തിയത്. ഭൂമി കണ്ടെത്തുന്നതിൽ ഉണ്ടായ കാലതാമസവും ലഭ്യമായ ഭൂമി വീട് നിർമ്മാണത്തിനായി ഒരുക്കിയെടുക്കുന്നതിൽ ഉണ്ടായ കാലതാമസവുമാണ് നാലു വർഷത്തോളം നിർമ്മാണത്തെ അനിശ്ചിതത്വത്തിലാക്കിയത്. അഞ്ചു സെന്റ് വീതമുള്ള ഫ്‌ളോട്ടുകളിൽ ഏഴ് ലക്ഷത്തിന്റെ വീട് നിർമ്മിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.റവന്യു വകുപ്പ് വീട്ടു നൽകിയ ഭൂമി ചെങ്കുത്തായ പ്രദേശമായതിനാൽ കൂറ്റൻ കോൺക്രീറ്റ് ഭിത്തി കെട്ടി സുരക്ഷിതത്വം ഉറപ്പാക്കിയാണ് നിർമ്മാണം ആരംഭിച്ചിരിക്കുന്നത് . 
ഭൂമിയെ മൂന്ന് തട്ടുകളാക്കി തിരിച്ചാണ് വീടുകൾ നിർമ്മിച്ചത്. പ്രദേശത്തിന്റെ ഘടനയും സുരക്ഷിതത്വവും കണക്കാക്കി ആദ്യനിരയിൽ ആറു വീടും രണ്ടാം നിരയിൽ അഞ്ചും മൂന്നാം നിരയിൽ നാലും വീടുകളാണ് പണിതത്. ഇതിൽ ആദ്യ നിരയിലെ ആറു വീടുകളുടേയും രണ്ടാം നിരയിലെ അഞ്ചു വീടുകളുടേയും നിർമ്മാണം പൂർണ്ണമായും പൂർത്തിയായി. മൂന്നാം തട്ടിലെ നാലു വീടുകളുടെ നിർമ്മാണം ഈ മാസം അവസാനത്തോടെ പൂർത്തിയാകും. രണ്ട് ബെഡ് റൂമും കിച്ചണും സെൻട്രർ ഹാളും ബാത്ത് റൂമും ഉൾപ്പെടുന്ന വീടിന് 650 സ്‌ക്വർഫീറ്റ് വലിപ്പമുണ്ട്.  
 
വീട്ടിലേക്കുള്ള വഴി , വെളളം , വെളിച്ചം എന്നിവ പായം പഞ്ചായത്താണ് ഒരുക്കുന്നത്. കുടിവെള്ളത്തിന് വലിയ കുഴൽ കിണറും ഗാർഹിക കണക്ഷനും പഞ്ചായത്ത് വക ലഭ്യമാക്കും. വളവുപാറ റോഡിൽ നിന്നും വീട്ടിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കുന്നതിനും മൂന്ന് നിരകളായുള്ള വീടുകളുടെ മുറ്റം വരെ എത്തുന്ന രീതിയിൽ റോഡുകളുടെ നിർമ്മാണത്തിനുമായി 60 ലക്ഷം രൂപയാണ് വകയിരുത്തുന്നത്.    

        സംസ്ഥാനതിർത്തിയായ കൂട്ടുപുഴ പാലത്തിന് സമീപം മാക്കൂട്ടത്ത് ബാരാപോൾ പുഴയുടെ തീരത്ത് റവന്യു ഭൂമിയിൽ താമസിക്കുന്ന 15 കുടുംബങ്ങളുടെ വീടുകളാണ് മാക്കൂട്ടം ബ്രഹ്മഗരി വനമേഖലയിൽ ഉണ്ടായ ഉരുൾ പൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപാച്ചലിൽ ഒഴുകിപോയത്. ദിവസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ കുടുംബങ്ങൾക്ക് ആദ്യം വീട്ടു വാടക നൽകിയാണ് ക്യാമ്പകളിൽ നിന്നും ഒഴിപ്പിച്ചത്. 
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വാടകയ്ക്ക് കഴിയുന്ന കുടുംബങ്ങൾക്ക് വർഷങ്ങളായി റവന്യു വകുപ്പ് നൽകുന്ന വാടക സഹായവും നിലച്ചു.ഒരു സെന്റ് ഭൂമിപോലും സ്വന്തമായി ഇല്ലാത കുടുംബങ്ങളിൽ പലരും തൊഴിലും കൂലിയും ഇല്ലാതെ ബുദ്ധിമൂട്ടുകയാണ്. ഇതിൽ വാടക നൽകാൻ കഴിയാത പല കുടുംബങ്ങളും കുടിയിറക്ക് ഭീഷണിയിലുമാണ്. അർബുദ രോഗികൾ വരെയുള്ള കുടുംബങ്ങൾ നരക തുല്യമായ ജീവിതമാണ് നയിക്കുന്നത്. കേരളത്തിന്റെ റവന്യു ഭൂമിയാണെങ്കിലും കർണ്ണാടക വനം വകുപ്പ് അതിർത്തി തർക്കം ഉന്നയിച്ചതിനാലും വീണ്ടും വെള്ളംപൊക്കം ഉണ്ടാകാനുള്ള സാധ്യതയും പരിഗണിച്ചാണ് വീട് തകർന്നിടത്ത് വീണ്ടും വീട് നിർമ്മിക്കാൻ കഴിയാതെ പോയത്.
ഡിസംബർ പകുതിയോടെ പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയാക്കി വീടിന്റെ താക്കോൽ കൈമാറുമെന്നു പഞ്ചായത്ത് പ്രസിഡന്റ് പി. രജനി പറഞ്ഞു . പഞ്ചായത്ത് പൂർത്തിയാക്കാനുള്ള പദ്ധതികൾ ഇതിനുള്ളിൽ പൂർത്തിയാക്കും. റോഡിന്റെ നവീകരണം ടെണ്ടർ ചെയ്തു. ഉടൻ പ്രവ്യത്തി തുടങ്ങും.

Post a Comment

Previous Post Next Post
Join Our Whats App Group