Join News @ Iritty Whats App Group

ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട് ദോഷം മാറ്റാനെത്തിയ യുവജ്യോത്സ്യനെ മയക്കി 13 പവൻ കവർന്ന യുവതി അറസ്റ്റിൽ


കൊച്ചിയിൽ ജ്യോത്സ്യനെ മയക്കി കിടത്തി 13 പവൻ സ്വർണ്ണവും ഫോണും കവർന്ന യുവതി പിടിയിൽ. തൃശ്ശൂർ മണ്ണുത്തി സ്വദേശി അൻസിയെയാണ് എളമക്കര പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസം 24ന് ഇടപ്പള്ളിയിലെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം ജ്യോതിഷം നോക്കാൻ ഉണ്ടെന്നു പറഞ്ഞ് കൊല്ലം സ്വദേശിയായ ജോത്സ്യനെ വിളിച്ചു വരുത്തുകയായിരുന്നു.

‘ആതിര’ എന്ന ഫെയ്‌സ്‌ബുക്ക് അക്കൗണ്ടിൽനിന്നു വന്ന അപരിചിതയായ യുവതിയുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ച ജോത്സ്യനോട് പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായി. യുവതി ആവശ്യപ്പെട്ടതനുസരിച്ച് സ്വന്തം കാറിൽ കലൂരിലെത്തിയ ജോത്സ്യൻ ആതിരയെ കണ്ടു. തന്റെ സുഹൃത്തായ അരുൺ ഇടപ്പള്ളിയിലുണ്ടെന്നും അവിടേക്കു പോകാമെന്നും പറഞ്ഞാണു ജോത്സ്യനെ യുവതി ഇടപ്പള്ളിയിലെത്തിച്ചത്. തുടർന്ന് ദമ്പതികളാണെന്ന വ്യാജേന ഹോട്ടലിൽ മുറിയെടുത്തു.

മുറിയിലെത്തിയ ശേഷം യുവതി പായസം നൽകിയെങ്കിലും ജോത്സ്യൻ കഴിക്കാന്‍ കൂട്ടാക്കിയില്ല. ഇതിനു പിന്നാലെ യുവതി ലഹരി കലര്‍ത്തിയ പാനീയം നൽകി യുവാവിനെ ശേഷം ഇയാള്‍ ധരിച്ചിരുന്ന 5 പവന്റെ മാല, 3 പവന്റെ ചെയിൻ, 3 പവന്റെ മോതിരം എന്നിവയടക്കം 13 പവന്റെ ആഭരണങ്ങളും 30,000 രൂപയുടെ മൊബൈൽ ഫോണുമാണ് കവർന്നു.

ഭർത്താവ് ഉറങ്ങുകയാണെന്നും വൈകിട്ട് ഉണർത്തണമെന്നും റിസപ്‌ഷനിസ്റ്റിനോട് ആവശ്യപ്പെട്ടശേഷമാണ് യുവതി സ്ഥലംവിട്ടത്. വൈകിട്ട് റൂമിലെത്തിയ ഹോട്ടൽ ജീവനക്കാരാണ് ജോത്സ്യനെ അബോധാവസ്ഥയിൽ കണ്ടതും പൊലീസിനെ വിവരം അറിയിച്ചതും. എളമക്കര പൊലീസ് ഇൻസ്പെക്ടർ എസ്.ആർ.സനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ്ഐമാരായ എയിൻ ബാബു, സജീവ് കുമാർ, മുഹമ്മദ്‌ ബഷീർ, എഎസ്ഐ ലാലു ജോസഫ്, അനിൽ എസ്‌സിപിഒ പ്രഭലാൽ, ഗിരീഷ്, അനീഷ്, രാജേഷ് എന്നിവരുണ്ടായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group