കള്ളൻമാരുടെ ശല്യം എല്ലായിടത്തുമുണ്ട്. സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള ഉപകരണങ്ങളുമെല്ലാം മോഷണം പോകുന്ന വാർത്തകൾ എപ്പോഴും പുറത്തുവരാറുണ്ട്. ഇപ്പോഴിതാ കേട്ടാൽ ഞെട്ടുന്ന കൗതുകം ഉണർത്തുന്ന ഒരു മോഷണ വാർത്തയാണ് ബംഗളൂരുവിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബംഗളൂരുവിൽ ഒരു ബസ് സ്റ്റോപ്പ് തന്നെ അടിച്ചുമാറ്റിയിരിക്കുകയാണ് മോഷ്ടാക്കൾ.
കണ്ണിങ്ഹാം റോഡിലെ കഴിഞ്ഞ ആഴ്ച നിർമ്മാണം പൂർത്തിയാക്കിയ ബസ് ഷെൽട്ടറാണ് മോഷണം പോയത്. 10 ലക്ഷം രൂപയായിരുന്നു നിർമ്മാണ ചെലവ്. ബസ് ഷെൽട്ടറിലെ ഇരിപ്പിടങ്ങളും പുറംഘടനയുമെല്ലാം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചുള്ളതായിരുന്നു.
കസേരകളും തൂണുകളും മേൽക്കൂരയുമെല്ലാം മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസ് ഷെൽട്ടറിന്റെ നിർമ്മാണ ചുമതലയുള്ള കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ സഹിതം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കീഴിലാണ് ബസ് ഷെൽട്ടറിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഈ മാസം ആദ്യമാണ് ഇത് മോഷണം പോയത്. ഇത് ആദ്യമായല്ല ബംഗളൂരുവിൽ ബസ് സ്റ്റോപ്പ് മോഷണം പോകുന്നത്. കഴിഞ്ഞ മാർച്ചിൽ എച്ച്ആർബിആർ ലേഔട്ടിൽ മുപ്പത് വർഷം പഴക്കമുള്ള ബസ് സ്റ്റോപ്പും കാണാതായിരുന്നു. ഈ സംഭവത്തിൽ സമീപത്തുള്ള ഒരു വ്യാപാര സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നത്.
Post a Comment