പ്രമേഹം ഒരു ജീവിതശൈലീരോഗമായാണ് കാം കണക്കാക്കുന്നത്. ജീവിതശൈലീരോഗമെന്ന് പറയുമ്പോള്‍ മിക്കവരും അതിനെ നിസാരമായി കണക്കാക്കാറുണ്ട്. എന്നാല്‍ പ്രമേഹം അത്രയൊരു നിസാരക്കാരനല്ല. പല സങ്കീര്‍ണമായ അവസ്ഥകളിലേക്കും പ്രമേഹത്തിന് നമ്മെ നയിക്കാം. അതിനാല്‍ തന്നെ പ്രമേഹം നിയന്ത്രിച്ച് മുന്നോട്ട് പോകേണ്ടത് നിര്‍ബന്ധമാണ്.
പ്രമേഹം തന്നെ രണ്ട് ടൈപ്പാണുള്ളത്. ടൈപ്പ് -1 പ്രമേഹവും, ടൈപ്പ്- 2 പ്രമേഹവും. ടൈപ്പ്- 1പ്രമേഹമെന്നാല്‍ ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദനം ഗണ്യമായി കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥയാണ്. ടൈപ്പ് -2 പ്രമേഹമെന്നാല്‍ ഒന്നുകില്‍ ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദനം ഇല്ലാതാകുന്നു, അല്ലെങ്കില്‍ ശരീരത്തിന് ഉള്ള ഇൻസുലിൻ ഹോര്‍മോണിനെ ഉപയോഗപ്പെടുത്താൻ സാധിക്കാതാകുന്നു.
ഇതോടെ രക്തത്തിലെ ഷുഗര്‍നില ഉയരുകയാണ്. ഇങ്ങനെയാണ് പ്രമേഹം ഉണ്ടാകുന്നത്. ഇതില്‍ ടൈപ്പ് - 2 പ്രമേഹമാണ് ഏറ്റവുമധികം പേരെ ബാധിക്കുക. വളരെ അപൂര്‍വമായി മാത്രമേ പ്രമേഹത്തില്‍ നിന്ന് രോഗിക്ക് മുക്തിയുണ്ടാകൂ. അല്ലാത്തപക്ഷം പ്രമേഹം നിയന്ത്രിച്ച് പോകാനേ സാധിക്കൂ.
ഇപ്പോഴാകട്ടെ ഇന്ത്യ പ്രമേഹത്തിന്‍റെ ഒരു 'ഹബ്ബ്' ആയി മാറുന്നുവെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. അത്രമാത്രം രോഗികളാണ് പ്രതിവര്‍ഷം രാജ്യത്തുണ്ടാകുന്നതത്രേ. ഇക്കൂട്ടത്തില്‍ കുട്ടികള്‍ക്കിടെയുള്ള പ്രമേഹ കേസുകള്‍ കൂടുന്നതും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
സാധാരണഗതിയില്‍ കുട്ടികളെ പ്രമേഹം ബാധിക്കേണ്ടതല്ല. അപൂര്‍വം കേസുകളിലാണ് കുട്ടികളെ പ്രമേഹം ബാധിക്കുക. എന്നാലിപ്പോള്‍ രാജ്യത്ത് 12-18 പ്രായം വരുന്നവരില്‍ പ്രമേഹം കൂടി വരികയാണ്. എന്താണ് ഇതിന് പിന്നില്‍ കാരണമാകുന്നത്? എന്തെല്ലാമാണ് നാമിതില്‍ ശ്രദ്ധിക്കേണ്ടത് എന്നതിനെ കുറിച്ച് കൂടി അറിയാം.
മോശം ജീവിതരീതി തന്നെയാാണ് കുട്ടികളുടെ കാര്യത്തിലും പ്രമേഹം വര്‍ധിക്കുന്നതില്‍ തിരിച്ചടിയാകുന്നത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മോശം ഭക്ഷണരീതി, കായികാധ്വാനമില്ലാത്ത ജീവിതരീതി എന്നിവയാണ് ഇതില്‍ വിദഗ്ധര്‍ ഏറ്റവുമധികം എടുത്തുപറയുന്നത്.
'കുട്ടികളിലും കൗമാരക്കാരിലും ഇന്ന് അമിതവണ്ണം ഏറെ കാണാനുണ്ട്. ഇതുതന്നെയാണ് പ്രമേഹവും കൂടിവരാൻ കാരണം. ഒന്നാമതായി മോശം ഭക്ഷണരീതി. പ്രോസസ്ഡ് ഫുഡ്സ്, ജങ്ക് ഫുഡ്സ് എന്നിവയെല്ലാം അധികമായി കഴിക്കുന്ന രീതിയാണിന്ന് കുട്ടികളില്‍. മാത്രമല്ലേ പണ്ടത്തെ പോലെ കളികളോ കായികവിനോദങ്ങളോ ഒന്നുമില്ല. ഇതെല്ലാം വലിയ രീതിയില്‍ അവര്‍ക്ക് തിരിച്ചടിയാവുകയാണ്. പാരമ്പര്യം, ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍ എന്നിവയും ഇന്ത്യയില്‍ കുട്ടികള്‍ക്കിടയില്‍ പ്രമേഹം വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ദക്ഷിണ-ഏഷ്യൻ രാജ്യങ്ങളില്‍ പൊതുവെ പ്രമേഹം കൂടുതലാണ്...'- പൂനെയില്‍ നിന്നുള്ള പ്രമുഖ പീഡിയാട്രിക് വിദഗ്ധൻ ഡോ. സജിലി മേത്ത പറയുന്നു.
കുട്ടികളുടെ ജീവിതരീതി ആരോഗ്യകരമാക്കി മാറ്റുക എന്നതാണ് ഇത്തരത്തിലുള്ള ആരോഗ്യപരമായ വെല്ലുവിളികളെ ചെറുക്കുന്നതിനുള്ള മാര്‍ഗം. സമഗ്രമായ ഡയറ്റ് അഥവാ ഭക്ഷണരീതി, അതോടൊപ്പം തന്നെ കായികമായി അധ്വാനിക്കാൻ അവരെ പ്രേരിപ്പിക്കണം. കായികമായ കളികളോ വിനോദങ്ങളോ ഇതിനായി തെരഞ്ഞെടുക്കാം, അല്ലാത്തപക്ഷം വ്യായാമം ചെയ്യിക്കുക.
അതോടൊപ്പം തന്നെ കുട്ടികളില്‍ വര്‍ധിച്ചുവരുന്ന സ്മാര്‍ട് ഫോണ്‍ ഉപയോഗവും പരിമിതപ്പെടുത്താൻ ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെടുന്നു. പഠനസമയത്തിന് പുറമെ സ്മാര്‍ട് ഫോണില്‍ മണിക്കൂറുകള്‍ ചിലവിടുമ്പോള്‍ അവര്‍ക്ക് കായികമായി സജീവമാകാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. ഇത് അവരില്‍ രോഗ പ്രതിരോധ ശേഷി കുറയ്ക്കുന്നതിനും മറ്റ് രോഗങ്ങള്‍ കൂടി എളുപ്പത്തില്‍ പിടിപെടുന്നതിനുമെല്ലാം കാരണമാകുന്നു.
Post a Comment