Join News @ Iritty Whats App Group

കടത്തിന് മേല്‍ കടം കയറി...ആരും സഹായിച്ചില്ല ; ആത്മഹത്യ ചെയ്ത കുടുംബത്തിന്റെ ആത്മഹത്യാകുറിപ്പില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍


കൊച്ചി: ജീവിതം മടുത്തുവെന്നും കടത്തിന് മേല്‍ കടം കയറിയിരിക്കുകയാണെന്നും ആരും സഹായിച്ചില്ലെന്നും കടമക്കുടിയില്‍ ആത്മഹത്യ ചെയ്ത കുടുംബം എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാകുറിപ്പ്. കടമക്കുടിയില്‍ യുവാവും ഭാര്യയും രണ്ടു മക്കളും ഉള്‍പ്പെടെ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കുടുംബത്തിന്റെ ഞെട്ടിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.

മക്കളെ കൂടെ കൊണ്ടുപോകരുതെന്നുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ ആട്ടുംതുപ്പും കേട്ട് മക്കള്‍ വളരുന്നത് ഓര്‍ത്തിട്ടാണ് അവരേയും കൊണ്ടുപോകുന്നതെന്നും കത്തില്‍ പറയുന്നു. ജീവിച്ചിരുന്നപ്പോള്‍ ചെയ്യാത്ത സാമ്പത്തീക സഹായം മരിച്ചിട്ട ചെയ്യേണ്ടതില്ലെന്നും അതുകൊണ്ടു മരണാനന്തര ചടങ്ങുകള്‍ നടത്തരുതെന്നും അതിനായി ആരുടെ കയ്യില്‍ നിന്നും സാമ്പത്തീകം വാങ്ങരുതെന്നും കത്തിലുണ്ട്.

മാടശ്ശേരി നിജോ (38) യും ഭാര്യ ശില്‍പ മക്കളായ ഏബല്‍ (7), ആരോണ്‍(5) എന്നിവരെയാണ് വീട്ടില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ദമ്പതികള്‍ തൂങ്ങി മരിച്ചു എന്നാണ് പൊലീസ് കണ്ടെത്തിയത്. നിജോയും ശില്‍പയും തുങ്ങി മരിച്ച നിലയിലും കുട്ടികളെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

നിജോയും ശില്‍പ്പയും ചേര്‍ന്നാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. ''ജീവിതത്തില്‍ കടത്തിന് മേല്‍ കടം കയറിയിരിക്കുകയാണ്. ആരും സഹായിച്ചില്ല, ജീവിതം മടുത്തു. അമ്മ വിഷമിക്കരുത്. മരണാനന്തര ചടങ്ങുകള്‍ക്ക് ആരില്‍ നിന്നും പണം വാങ്ങരുത്, അവരത് ജീവിച്ചിരുന്നപ്പോള്‍ ചെയ്തില്ല. പലരോടും സഹായം ചോദിച്ചു. ഒരാള്‍ പോലും സഹായിച്ചിട്ടില്ല. കൂട്ടുകാരും വീട്ടുകാരും ഇല്ലാഞ്ഞിട്ടല്ല. വയ്യ, ഇനിയും ഇങ്ങനെ എരിഞ്ഞുതീരാന്‍. വലിയ ആഗ്രങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. മരണാനന്തര ചടങ്ങുകള്‍ നടത്തരുത്. കുഞ്ഞുങ്ങളെ കൊണ്ട് പോകരുതെന്നാണ് കരുതിയത്. മറ്റുള്ളവരുടെ ആട്ടും, തുപ്പും കേട്ട് അവരും ജീവിക്കേണ്ട. ഞങ്ങളുടെ മരണത്തിന് ഉത്തരവാദി ഞങ്ങള്‍ മാത്രമാണ്. '' കത്തില്‍ പറയുന്നു.

കേസില്‍ ഓണ്‍ലൈന്‍ വായ്പാ ആപ്പുകളില്‍ നിന്ന് നിരന്തരമായി ഭീഷണി ഉണ്ടായിരുന്നുവെന്നും ശില്പയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഓണ്‍ലൈന്‍ വായ്പയ്ക്ക് പുറമേ മുളന്തുരുത്തിയിലെ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്തതായാണ് വിവരം. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് ബാങ്ക് നോട്ടീസ് നല്‍കിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group