കോഴിക്കോട്: കൊടുവള്ളിയിൽ മയക്കുമരുന്ന് വിൽപന സംഘം സഞ്ചരിച്ച ആഡംബര കാർ മറിഞ്ഞു. കാറിൽനിന്ന് എംഡിഎംഎയും ത്രാസും പിടിച്ചെടുത്തു. ആവിലോറ പാറക്കണ്ടി മുക്കിൽ ഇന്ന് പുലർച്ചെയാണു സംഭവം. കാറിലുണ്ടായിരുന്ന രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വിൽപന സംഘം സഞ്ചരിച്ച കാർ റോഡിൽ നിന്നും നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്കാണ് മറിഞ്ഞത്. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോൾ കണ്ടത് വീട്ടുമുറ്റത് ഒരു ആഡംബര കാറാണ്. രണ്ടു പേർ അബോധാവസ്ഥയിൽ കാറിലിരിക്കുന്നത് കണ്ട് ഓടിയെത്തിയെങ്കിലും ഡോർ തുറന്നില്ല.
തുടർന്നു നടത്തിയ പരിശോധനയിലാണ് കാറിൽ മയക്കുമരുന്ന് ഉൾപ്പെടെ കണ്ടെത്തുന്നത്. ഇതോടെ നാട്ടുകാര്‍ കാറിലുണ്ടായിരുന്ന യുവാക്കളെ പിടികൂടി കൊടുവള്ളി പൊലീസിന് കൈമാറുകയായിരുന്നു. കൊടുവള്ളി എസ്ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം വാഹനം പരിശോധിച്ചപ്പോള്‍ കൂടുതൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. കാറിന് പുറത്തും കാറിലും നടത്തിയ പരിശോധനയില്‍ കവറിലാക്കി പഴ്‌സില്‍ ഒളിപ്പിച്ചതുമായ 3.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Post a Comment