Join News @ Iritty Whats App Group

പി.പി. മുകുന്ദന്റെ സംസ്‌കാരം ഇന്ന്


കണ്ണൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന സംഘ്പരിവാര്‍ നേതാവും ബി.ജെ.പി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായ പി.പി.
മുകുന്ദന്റെ (77) മൃതദേഹം ഇന്ന് സംസ്കരിക്കും. ബി.ജെ.പി കണ്ണൂര്‍ ജില്ലാ ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ രാവിലെ 9 വരെ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ജന്മനാടായ കൊട്ടിയൂര്‍ മണത്തണയിലെ വീട്ടിലെത്തിക്കും. ഉച്ചയോടെ മണത്തണ കുളങ്ങരയത്ത് തറവാട് ശ്മശാനത്തിലാണ് സംസ്‌കാരം. 

ശ്വാസകോശ സംബന്ധമായ അസുഖത്തെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ എട്ടേകാലോടെയായിരുന്നു അന്ത്യം. മൃതദേഹം ആര്‍.എസ്.എസ് സംസ്ഥാന കാര്യാലയമായ എറണാകുളം എളമക്കര മാധവ നിവാസില്‍ ഉച്ചക്ക് രണ്ടുവരെ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോയത്. വിവിധയിടങ്ങളില്‍ പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരുന്നു. 

ദീര്‍ഘകാലം ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു മുകുന്ദൻ. ആര്‍.എസ്.എസില്‍നിന്നാണ് ബി.ജെ.പിയുടെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടത്. ബി.ജെ.പിയുടെ കേരള കടിഞ്ഞാണ്‍ ഒരുകാലത്ത് മുകുന്ദന്‍റെ കൈയിലായിരുന്നു. 1980-90ല്‍ സംസ്ഥാനത്ത് ബി.ജെ.പി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 1966 മുതല്‍ 2007 വരെ 41 വര്‍ഷം രാഷ്ട്രീയ സ്വയംസേവക് സംഘിന്‍റെ പ്രചാരകായിരുന്നു. 

1946 ഡിസംബര്‍ ഒന്നിന് കണ്ണൂര്‍ മണത്തലയില്‍ നടുവില്‍ വീട്ടില്‍ കൃഷ്ണന്‍നായരുടെയും കുളങ്ങരയ്യത്ത് കല്യാണിയമ്മയുടെയും മകനായാണ് ജനനം. മണത്തണ യു.പി സ്കൂള്‍, പേരാവൂര്‍ സെന്‍റ് ജോസഫ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഹൈസ്കൂള്‍ പഠനകാലത്താണ് ആര്‍.എസ്.എസില്‍ ആകൃഷ്ടനാകുന്നത്. മണത്തലയില്‍ ആര്‍.എസ്.എസ് ശാഖ ആരംഭിച്ചപ്പോള്‍ സ്വയംസേവകനായി. 1965ല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രചാരകും. 1972ല്‍ തൃശൂര്‍ ജില്ല പ്രചാരകായും പ്രവര്‍ത്തിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് 21 മാസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു. അടിയന്തരാവസ്ഥ പിന്‍വലിച്ച്‌ രണ്ടുമാസത്തിനുശേഷം ജയില്‍മോചിതനായി. കോഴിക്കോട്ടും തിരുവനന്തപുരത്തും വിഭാഗ് പ്രചാരകനായും പ്രാന്തീയ സമ്ബര്‍ക്ക പ്രമുഖായും കാല്‍നൂറ്റാണ്ട് പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയില്‍ നടത്തിയ ഹിന്ദുസംഗമത്തോടുകൂടിയാണ് മുഖ്യധാരയിലെത്തിയത്. 

ഡോ. മുരളി മനോഹര്‍ ജോഷി നയിച്ച ഏകതായാത്രയുടെ കേരളത്തിലെ മുഖ്യസംഘാടകനായിരുന്നു. 1991ല്‍ ബി.ജെ.പി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറിയായി. 2004 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1988 മുതല്‍ 1995 വരെ ബി.ജെ.പി മുഖപത്രം 'ജന്മഭൂമി'യുടെ മാനേജിങ് ഡയറക്ടറായിരുന്നു. ഇടക്കാലത്ത് 10 വര്‍ഷത്തോളം സജീവ രാഷ്ട്രീയത്തില്‍നിന്ന് മാറിനിന്ന മുകുന്ദന്‍ 2022 ഓടെ ബി.ജെ.പിയിലേക്ക് തിരികെയെത്തിയിരുന്നു. 

അവിവാഹിതനാണ്. സഹോദരങ്ങള്‍: പരേതനായ കുഞ്ഞിരാമൻ, പി.പി. ഗണേശൻ, പി.പി. ചന്ദ്രൻ.

Post a Comment

Previous Post Next Post
Join Our Whats App Group