Join News @ Iritty Whats App Group

ആലുവയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍


കൊച്ചി: ആലുവയിൽ അന്യസംസ്ഥാന തൊഴിലാളി കുടുംബത്തിലെ എട്ടുവയസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ പ്രതി കസ്റ്റഡിയില്‍. ആലുവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ ആണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.ഇയാൾക്കെതിരെ എറണാകുളത്ത് മാത്രം 10 കേസുകളുണ്ടെന്നാണ് വിവരം. 2022ല്‍ പെരുമ്പാവൂരില്‍ നടന്ന മോഷണക്കേസില്‍ ഇയാള്‍ പ്രതിയാണ്. പിടിയിലായ ക്രിസ്റ്റിലിന്‍റെ ക്രിമിനല്‍ പശ്ചാത്തലം പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പോലീസിനോട് ആദ്യം ഇയാള്‍ പറഞ്ഞ സതീഷ് എന്ന പേര് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

ആലുവയിലെ ബാർ ഹോട്ടലിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ബാറിൽ മദ്യപിച്ചിരിക്കുന്നത് കണ്ടു ബാർ ജീവനക്കാര്‍ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയതോടെ ബാറില്‍ നിന്ന് ഇറങ്ങിയോടിയ പ്രതി വെള്ളത്തിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കവേയാണ് പൊലീസിന്റെ പിടിയിലായത്.

ആലുവ ചാത്തൻപുറത്ത് പുലർച്ചെ രണ്ടു മണിയോടെ വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കൾ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ പിന്നീട് സമീപത്തെ പാടത്ത് നിന്നും നാട്ടുകാരുടെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തുകയായിരുന്നു.

 ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സഹകരണ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ആലുവയിലെ സ്വകാര്യ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് കുട്ടി. പത്ത് വർഷത്തോളമായി എടപ്പുറത്ത് വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്നവരാണ് കുട്ടിയുടെ കുടുംബം. ഒരു വീട്ടിൽ രണ്ട് അതിഥി തൊഴിലാളികളുടെ കുടുംബങ്ങളാണ് കഴിഞ്ഞിരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group