Join News @ Iritty Whats App Group

ജനതാദള്‍ (എസ്) എന്‍ഡിഎയില്‍ ചേര്‍ന്നു; തീരുമാനം തള്ളി കേരള ഘടകം


ജനതാദള്‍ (എസ്) ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ ഔദ്യോഗികമായി ചേര്‍ന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പാര്‍ട്ടി ഔദ്യോഗികമായി മുന്നണിയുടെ ഭാഗമായത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

ജെഡിഎസ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്നും ഞങ്ങള്‍ അവരെ എന്‍ഡിഎയിലേക്ക് പൂര്‍ണ്ണ ഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു. ഇത് എന്‍ഡിഎയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ജെ.പി.നഡ്ഡ പറഞ്ഞു.

അതേസമയം, എന്‍ഡിഎയില്‍ ചേരാനുള്ള ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരള ഘടകം തള്ളി. എന്‍ഡിഎയ്‌ക്കൊപ്പം കേരള ഘടകം പോകില്ല. അടുത്ത മാസം സംസ്ഥാന കമ്മിറ്റി വിളിച്ചിട്ടുണ്ടെന്നും അതില്‍ തീരുമാനമെടുക്കുമെന്നും മാത്യു ടി.തോമസ് അറിയിച്ചു. കേരളത്തില്‍ എല്‍ഡിഎഫിന്റെ ഭാഗമാണ് നിലവില്‍ ജെഡിഎസ്.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ജെഡിഎസ്-ബിജെപിയുമായി അടുത്തത് . കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിഎസ് യെദ്യൂരപ്പയാണ് ജെഡിഎസിനെ എന്‍ഡിഎയില്‍ എത്തിക്കാനുള്ള ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത്. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യമായി മത്സരിക്കും. സീറ്റുവിഭജനം സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് ഇരുപാര്‍ട്ടികളും എത്തിയിട്ടില്ല.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാകയില്‍ ബിജെപി വന്‍ വിജയം നേടിയിരുന്നു. 25 സീറ്റുകളില്‍ ബിജെപിക്ക് ജയിക്കാനായപ്പോള്‍ കോണ്‍ഗ്രസിനും ജെഡിഎസിനും ഓരോ സീറ്റ് വീതമാണ് ലഭിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group