Join News @ Iritty Whats App Group

മലബാര്‍ മേഖലയിലെ ടൈഗര്‍ സഫാരി പാര്‍ക്ക്; കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സ്ഥലങ്ങള്‍ പരിഗണനയില്‍


മലബാര്‍ മേഖലയില്‍ വനം വകുപ്പിന്റെ പുതിയ പദ്ധതി എന്ന നിലയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കാനുള്ള കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സ്ഥലങ്ങള്‍ പരിഗണനയില്‍.

കോഴിക്കോട് ജില്ലയില്‍ പേരാമ്ബ്ര മേഖലയിലെ രണ്ടുസ്ഥലങ്ങളാണ് ടൈഗര്‍ സഫാരി പാര്‍ക്കിനായി തീരുമാനിച്ചിരിക്കുന്നത്. ചക്കിട്ടപാറ പഞ്ചായത്തില്‍ ഉള്‍പ്പെട്ട പന്നിക്കോട്ടൂര്‍ റിസര്‍വ് വനത്തിലെ 114 ഹെക്ടര്‍ സ്ഥലം, പേരാമ്ബ്ര എസ്റ്റേറ്റിലെ ഒരു ഭാഗം എന്നിവയാണ് വനം വകുപ്പിന്റെ പുത്തൻ പദ്ധതിക്കായി പരിഗണിക്കുന്നത്.

അതേസമയം കണ്ണൂരില്‍ ആറളം വന്യജീവി സങ്കേതത്തോടുചേര്‍ന്ന ഭൂമിയാണ് ആലോചനയിലുള്ളത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി പാര്‍ക്ക് തുറക്കാനാണ് വനം വകുപ്പിന്റെ ഉന്നതതലയോഗം തീരുമാനിച്ചത്.
സ്ഥലം കണ്ടെത്താന്‍ ചീഫ് വൈല്‍ഡ് വാര്‍ഡന്‍ ഗംഗാസിങ്ങിന്റെ നേതൃത്വത്തില്‍ എട്ടംഗസമിതിക്ക് വനംവകുപ്പ് രൂപംനല്‍കിയിട്ടുണ്ട്. പരിഗണനയിലുള്ള സ്ഥലങ്ങള്‍ സമിതി ഉടന്‍തന്നെ പരിശോധിക്കാനെത്തും.

പ്രാഥമിക അനുമതികള്‍ക്ക് വേണ്ട നടപടികള്‍ തുടങ്ങാനും പരമാവധി നിയമതടസ്സങ്ങള്‍ ഒഴിവാക്കി പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനും യോഗത്തില്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിരുന്നു. അതിനാല്‍ത്തന്നെ പരിശോധനയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പെട്ടെന്നുതന്നെ പൂര്‍ത്തീകരിക്കും.

പന്നിക്കോട്ടൂര്‍ റിസര്‍വ് വനത്തില്‍ മലബാര്‍ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടാത്ത 114 ഹെക്ടര്‍ സ്ഥലമാണ് പരിഗണിക്കുന്നത്. വനംവകുപ്പ് പ്ലാന്റേഷന്‍ വകുപ്പിന് പാട്ടത്തിനുകൊടുത്തതാണ് പേരാമ്ബ്ര എസ്റ്റേറ്റ്. ഇവിടെ ഭൂമി വിട്ടുകിട്ടുന്നതിന് സാങ്കേതികമായി എന്തെങ്കിലും പ്രയാസങ്ങളുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. 60 ഏക്കര്‍ ഭൂമിയെങ്കിലും പദ്ധതിക്ക് ആവശ്യമായി വരും. തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിനോടുചേര്‍ന്നുള്ള സിംഹപാര്‍ക്ക് മാതൃകയിലാവും പാര്‍ക്ക്. വാഹനത്തില്‍ സഞ്ചരിച്ച്‌ സഞ്ചാരികള്‍ക്ക് കടുവകളെ കാണാനാവും.

തിരുവനന്തപുരം കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന്റെ പദ്ധതിയുടെ ഭാഗമായി, മലബാര്‍മേഖലയില്‍നിന്ന് പുനരധിവസിപ്പിക്കുന്ന കാട്ടാനകളെ സംരക്ഷിക്കാനുള്ള സാറ്റലൈറ്റ് സെന്റര്‍ സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കാന്‍ മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. സഫാരി പാര്‍ക്കും സാറ്റലൈറ്റ് സെന്ററും യാഥാര്‍ഥ്യമായാല്‍ മലബാറിലെ ടൂറിസം മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് കരുതുന്നത്.

വടക്കന്‍ ജില്ലകളില്‍ നിലവില്‍ ഇത്തരം പാര്‍ക്കുകളൊന്നുമില്ല. പെരുവണ്ണാമൂഴി, കക്കയം ഡാമുകള്‍ ഉള്‍പ്പെടെയുള്ള ടൂറിസം സര്‍ക്യൂട്ടായി വികസിച്ചാല്‍ ജില്ലയിലെ ടൂറിസം മേഖലയ്ക്കും അത് ഉണര്‍വാകും. അതിനിടെ, പദ്ധതിയെച്ചൊല്ലി പേരാമ്ബ്ര മേഖലയില്‍ ആശങ്കയും രൂപപ്പെട്ടിട്ടുണ്ട്. പാര്‍ക്ക് വരുന്നത് ഭാവിയില്‍ പ്രദേശത്ത് ഗതാഗതനിയന്ത്രണം അടക്കമുള്ളവയ്ക്ക് ഇടയാക്കുമോ എന്ന സംശയമാണ് കര്‍ഷകസംഘടനകള്‍ ഉയര്‍ത്തുന്നത്.

പദ്ധതി പഠിക്കാനായി മുപ്പതിന് യോഗം

വനംവകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്ന ടൈഗര്‍ സഫാരി പാര്‍ക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാനായി വനംവകുപ്പിന്റെയും ചക്കിട്ടപാറ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ചക്കിട്ടപാറയില്‍ 30-ന് യോഗം ചേരും. ജനപ്രതിനിധികളെയും രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളെയും വനംവകുപ്പുദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചാണ് യോഗം ചേരുക.

ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ കോഴിക്കോട് ഡി.എഫ്.ഒ.യുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. യോഗം വിളിക്കാന്‍ ആവശ്യപ്പെട്ട് അടുത്തദിവസം കത്തും നല്‍കും. ഇതേപ്പറ്റിയുള്ള വിശദമായകാര്യങ്ങള്‍ അറിഞ്ഞശേഷം പദ്ധതിയില്‍ പഞ്ചായത്ത് നിലപാട് വ്യക്തമാക്കുമെന്നും പ്രസിഡന്റ് കെ. സുനില്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം മലബാര്‍ മേഖലയില്‍ ടൈഗര്‍ സഫാരിപാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.ഈ സാഹചര്യത്തിലാണ് വീശദീകരണയോഗം ചേരാന്‍ ഉദ്ദേശിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group