Join News @ Iritty Whats App Group

അണ്ണാ ഡിഎംകെ എന്‍ഡിഎ വിട്ടു; ബിജെപിയുമായി ഇനി ഒരിക്കലും സഖ്യത്തിനില്ലെന്ന് നേതാക്കള്‍


എന്‍ഡിഎ സഖ്യത്തില്‍ നിന്ന് അണ്ണാ ഡിഎംകെ പിന്മാറി. ഇന്ന് മുതല്‍‌ അണ്ണാ ഡിഎംകെ ദേശിയ ജനാധിപത്യ സഖ്യത്തിന്‍റെ ഭാഗമല്ലെന്നും ഇനി ഒരിക്കലും ബിജെപിയുമായി ഒരു തരത്തിലുള്ള സഖ്യത്തിനും പാര്‍ട്ടി തയ്യാറാകില്ലെന്നും എഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ.പി മുനുസ്വാമി വ്യക്തമാക്കി. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന ഉന്നത നേതാക്കളുടെ യോഗത്തിലാണ് മുന്നണി വിടാനുള്ള തീരുമാനം അണ്ണാ ഡിഎംകെ സ്വീകരിച്ചത്. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി പാര്‍ട്ടി നേരിടുമെന്നും കെ.പി മുനുസ്വാമി പറഞ്ഞു.

എഐഎഡിഎംകെ പ്രധാനമായും ദ്രാവിഡ പാർട്ടിയായതിനാലും ബിജെപിയുമായുള്ള സഖ്യം കാരണം പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ നിന്ന് പിന്നോക്കം പോയതായി പലപ്പോഴും തോന്നിയിരുന്നു. കൂടാതെ, തമിഴ്നാട്ടിലെ മുസ്ലീം വോട്ടുകളില്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്ന മേല്‍ക്കൈ ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനാല്‍ അവര്‍ക്ക് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. ഇനിയും സഖ്യം തുടര്‍ന്നാല്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ഒരു വോട്ട് പോലും ലഭിക്കില്ലെന്നും അണ്ണാ ഡിഎംകെ വിലയിരുത്തുന്നു.

ഇതോടൊപ്പം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയോടുള്ള എതിര്‍പ്പും മുന്നണി വിടാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചു.അന്തരിച്ച മുന്‍ മുഖ്യമന്ത്രി അണ്ണാദുരൈ 1956 ൽ ഒരു സമ്മേളനത്തിൽ ഹിന്ദുമതത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് അണ്ണാമലൈ നടത്തിയ പരാമർശം അടുത്തിടെ സംസ്ഥാനമൊട്ടാകെ കോളിളക്കമുണ്ടാക്കി.

കൂടാതെ, ഈ സംഭവത്തിന് ശേഷം അണ്ണാദുരൈ മധുരയില്‍ ഒളിവില്‍ കഴിഞ്ഞെന്നും ക്ഷമാപണം നടത്തിയ ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയതെന്നും അണ്ണാമലൈ ആരോപിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group