Join News @ Iritty Whats App Group

പിറ്റ് ബുളിന്‍റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്; നായയുടെ ഉടമ അറസ്റ്റിൽ

പാലക്കാട്: പിറ്റ് ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ഷൊര്‍ണ്ണൂര്‍ പരുത്തിപ്രയിലാണ് സംഭവം. വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ യുവാവിനെ ആക്രമിച്ച്‌ ഗുരുതരമായി പരുക്കേല്‍പ്പിക്കുകയായിരുന്നു.

സംഭവത്തില്‍ നായ്ക്കളുടെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗണേശ്ഗിരി പുല്ലാട്ടുപറമ്ബില്‍ സ്റ്റീഫനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. അക്രമസ്വഭാവമുള്ള നായ്ക്കളെ അശ്രദ്ധയോടെ കൈകാര്യം ചെയ്തെന്ന കുറ്റംചുമത്തിയാണ് അറസ്റ്റ്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പരുത്തിപ്ര പുത്തന്‍പുരയ്ക്കല്‍ മഹേഷ് എന്ന യുവാവിനെയാണ് സ്റ്റീഫന്‍ വളര്‍ത്തുന്ന ‘പിറ്റ്ബുള്‍’ ഇനം നായ്ക്കള്‍ ആക്രമിച്ചത്. മഹേഷിന്‍റെ ശരീരത്തിലാകമാനം നായ്ക്കള്‍ കടിച്ച്‌ പരുക്കേറ്റിരുന്നു. ചെവി അറ്റ നിലയിലും ചുണ്ടും മൂക്കും രണ്ടായി മുറിഞ്ഞ നിലയിലുമാണ് മഹേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പരുത്തിപ്ര എസ്.എന്‍. ട്രസ്റ്റ് ഹൈസ്‌കൂളിലേക്ക് പോകുന്ന പാതയോരത്തുള്ള വാടകവീട്ടിലാണ് സ്റ്റീഫന്‍ നായ്ക്കളെ വളർത്തിയിരുന്നത്. ഇവിടെ നിന്ന് ഓടിയെത്തിയാണ് മഹേഷിനെ നായ്ക്കൾ ആക്രമിച്ചത്. തൊട്ടടുത്ത പശുഫാമില്‍നിന്ന് പാലെടുത്ത് വില്‍ക്കുന്ന ജോലിയാണ് മഹേഷ് ചെയ്തിരുന്നത്. ചൊവ്വാഴ്ച പാലെടുക്കാനായി ഓട്ടോറിക്ഷയില്‍ എത്തിയപ്പോഴാണ് നായ്ക്കൾ ആക്രമിച്ചത്. പത്ത് മിനിറ്റോളം നായ്ക്കളുടെ അക്രമണത്തിനിരയായി ബോധരഹിതനായ മഹേഷിനെ നായ്ക്കളുടെ ഉടമ സ്റ്റീഫന്‍ എത്തിയാണ് രക്ഷിച്ചത്.

സംഭവത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. അനുമതിയില്ലാതെ അക്രമകാരികളായ നായ്ക്കളെ വളര്‍ത്തിയതിന് നഗരസഭയും സ്റ്റീഫനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. നായ്ക്കളുടെ ഉടമയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഗരഭാ സെക്രട്ടറിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group