Join News @ Iritty Whats App Group

മകളുടെ വിവാഹം നടത്തിയ ആഡംബര ഹോട്ടലിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി


തിരുവനന്തപുരം: മകളുടെ വിവാഹം നടത്തിയ ആഡംബര ഹോട്ടലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴിൽ താമസിച്ചിരുന്ന ഹരിപ്പാട് സ്വദേശിയായ സുഗതൻ(71), ഭാര്യ സുനില(70) എന്നിവരാണ് മരിച്ചത്. വസ്ത്രം ഇടുന്ന സ്റ്റാൻഡിൽ ഒറ്റ ഷാളിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം നഗരത്തിലെ നക്ഷത്ര ഹോട്ടലിലാണ് സംഭവം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

വീടിന്‍റെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സുഗതനും സുനിലയും കഴിഞ്ഞ പത്ത് ദിവസമായി ആഡംബര ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചത്. കഴിഞ്ഞ 26നാണ് മകൾക്കൊപ്പമെത്തി ഇരുവരും മുറിയെയുത്തത്. ഇതേ ഹോട്ടലിൽ വെച്ചാണ് ഇക്കഴിഞ്ഞ ജനുവരിയിൽ മകളുടെ വിവാഹം നടത്തിയത്.

ഹോട്ടലിൽ മുറിയെടുത്തത് മുതൽ ഇന്നലെ വരെ എല്ലാ ദിവസവും മുറിയിലേക്ക് ഭക്ഷണം വരുത്തിയിരുന്നു. ഇന്നലെ ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

മലയിൻകീഴ് കരിപ്പുർ നക്ഷത്ര ഗാർഡൻസിൽ താമസിച്ചിരുന്ന സുഗതനും സുനിലയും മകളുടെ വിവാഹത്തോട് അനുബന്ധിച്ച് വീട് വിറ്റിരുന്നു. പിന്നീട് കഴക്കൂട്ടത്തും പിടിപി നഗറിലുമായി വാടകയ്ക്ക് താമസിക്കുകയും ശേഷം പടിഞ്ഞാറേക്കോട്ടയിൽ വീട് വാങ്ങുകയും ചെയ്തു. താമസമാക്കുന്നതിന് മുമ്പ് വീട്ടിൽ അറ്റകുറ്റപ്പണി നടത്തുന്നതിനായാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്.

ഏറെക്കാലം മസ്ക്കറ്റിലായിരുന്ന സുഗതൻ മകളുടെ വിവാഹത്തിന് മുമ്പാണ് പ്രവാസം അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ ചെന്നൈയിൽ സ്പെയർ സ്പാർട്സ് വ്യാപാരം നടത്തിവരുകയായിരുന്നു. ഉത്തരയാണ് മകൾ. ഗിരീഷ് മരുമകനാണ്.

Post a Comment

Previous Post Next Post
Join Our Whats App Group