Join News @ Iritty Whats App Group

ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തി മര്‍ദിച്ചെന്ന് ആക്ഷേപം, ഇ.ഡി. ഓഫീസില്‍ പോലീസ് ; പോലീസ് കടുപ്പിച്ചാല്‍ കേന്ദ്ര ഡയറക്ടറേറ്റിനെ സമീപിക്കാന്‍ ഇ.ഡി.


കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ ചോദ്യംചെയ്തയാളുടെ പരാതിയില്‍ കേസെടുത്ത പോലീസ് നടപടിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ തുടര്‍നടപടി ഉണ്ടാകുക കേന്ദ്ര ഡയറക്ടറേറ്റുമായി കൂടിയാലോചിച്ച ശേഷമായിരിക്കും. മുമ്പ്, നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ക്കെതിരേ സമാനപരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.

എന്നാല്‍, ഇതു ചോദ്യംചെയ്ത് ഇ.ഡി. ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം കോടതി സ്‌റ്റേ ചെയ്തു. ഇതിന്മേല്‍, ക്രൈംബ്രാഞ്ച് അപ്പീല്‍ നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍, കരുവന്നൂര്‍ കേസില്‍ ഇ.ഡിക്കെതിരായ പോലീസ് നടപടി മുന്നോട്ടുപോകുന്ന പക്ഷം ഇ.ഡി. ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉറപ്പാണ്. അതിനു മുമ്പായി കേന്ദ്ര ഡയറക്ടറേറ്റിന്റെ നിയമോപദേശം തേടും.

പോലീസ് പ്രാഥമിക നടപടിയില്‍മാത്രമൊതുങ്ങുമെന്നാണ് ഇ.ഡിയുടെ നിഗമനം. ക്രിമിനല്‍ നടപടിച്ചട്ടപ്രകാരം പോലീസ് കേസിലെ നടപടി നിലനില്‍ക്കില്ലെന്നും ഇ.ഡി. വിലയിരുത്തുന്നു. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തല്‍ പോലുള്ള നടപടിയിലേക്കു പോലീസ് കടന്നില്ലെങ്കില്‍ ഇ.ഡിയും കോടതിയെ സമീപിച്ചേക്കില്ല. 2021 ലെ തെരഞ്ഞെടുപ്പു കാലത്ത് ഇ.ഡി. ഉദ്യോഗസ്ഥനെതിരേ പോലീസ് കേസെടുത്തതു സര്‍ക്കാരിന്റെ മുഖംരക്ഷിക്കാനാണെന്നു വിലയിരുത്തലുണ്ടായിരുന്നു.

ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തി മര്‍ദിച്ചെന്ന നഗരസഭാ കൗണ്‍സിലറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചി ഇ.ഡി. ഓഫീസില്‍ പോലീസ് സംഘം പരിശോധന നടത്തി. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്‍ നല്‍കിയ പരാതിയിലാണ് ഇ.ഡി. ഓഫീസില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് എത്തിയത്. ഉച്ചകഴിഞ്ഞു മൂന്നോടെ ഓഫീസിലെത്തിയ സംഘം രണ്ടു മണിക്കൂര്‍ പരിശോധന നടത്തി.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനിടെ കള്ളമൊഴി നല്‍കുന്നതിനുവേണ്ടി ഇ.ഡി. ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നാണ് അരവിന്ദാക്ഷന്റെ പരാതി. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അദ്ദേഹം ചികിത്സ തേടിയിരുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്നു നേരത്തെ കൊച്ചി സിറ്റി പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പോലീസ് പ്രാഥമിക പരിശോധനയാണു നടത്തിയത്. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു കേസെടുത്തേക്കുമെന്നാണു സൂചന.

Post a Comment

Previous Post Next Post
Join Our Whats App Group