ഇരിട്ടി: ഒരാഴ്ചയോളമായി പെയ്യുന്ന കനത്ത മഴ ഇരിട്ടിയുടെ അലയോര മേഖലകളിൽ നാശം വിതച്ചു തുടങ്ങി. ഉളിക്കൽ പഞ്ചായത്തിലെ പേരട്ടയിൽ മണ്ണിടിഞ്ഞുവീണ് തൊഴുത്ത് തകർന്ന് പശുവിന് ദാരുണാന്ത്യം. പേരട്ടയിൽ തന്നെ വീടിനു മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. അയ്യങ്കുന്ന് പഞ്ചായത്തിലെ ആനപ്പന്തിയിൽ മണീടിഞ്ഞു വീണ് വീടിന് സാരമായ തകരാർ സംഭവിച്ചു.
പേരട്ടയിലെ യുവ കർഷകൻ എടയാടിയിൽ മനുവിന്റെ 4 വയസ്സ് പ്രായമായ കറവപ്പശുവാണ് മണ്ണിടിച്ചലിൽ തൊഴുത്ത് തകർന്നുവീണ് ചത്തത്. കനത്ത മഴയിൽ തൊഴുത്തിന് സമീപത്തെ മൺതിട്ട ഇടിഞ്ഞ് തൊഴുത്തിൽ പതിക്കുകയായിരുന്നു. തൊഴുത്ത് തകർന്നു വീണാണ് പശു ചത്തത്. പശു, ആട്, കോഴി എന്നിവയെ വളർത്തിയാണ് മനു കുടുംബം പോറ്റുന്നത് . തൊഴുത്തും പശുവും നഷ്ടമായതോടെ 75000 രൂപയുടെ നഷ്ടമുണ്ടായതായും ജീവിതം വഴിമുട്ടിയതായും മനു പറഞ്ഞു.
പേരട്ടയിലെ മൈലപ്രവൻ രോഹിണിയുടെ വീടാണ് മരം കടപുഴകി വീണ് നശിച്ചത്. വീടിന്റെ മേൽക്കൂരയിൽ പാകിയ ആസ്ബസ്റ്റോസ് ഷീറ്റുകൾ പാടെ തകർന്ന് വീടിനു കനത്ത നാശനഷ്ടം സംഭവിച്ചു. പേരട്ടയിലെ അഞ്ചാം കമ്പി റോഡിൽ ചെളിയും മണ്ണും റോഡിലേക്ക് ഒഴുകിയെത്തി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തെ വ്യക്തിയുടെ പുരയിടത്തിൽ നിക്ഷേപിച്ച മണ്ണ് കനത്ത മഴയിൽ റോഡിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ചതുപ്പു നിലം യാതൊരു അനുമതിയും ഇല്ലാതെ മണ്ണിട്ട് നികത്തുകയായിരുന്നു എന്ന പരാതിയും ഉയരുന്നുണ്ട്.
അയ്യൻകുന്ന് പഞ്ചായത്തിലെ ആനപ്പന്തിയിൽ വലിയതൊട്ടിയിൽ ഫ്രാൻസിസിന്റെ വീടിന് പിറകുവശത്തെ മൺതിട്ട ഇടിഞ്ഞുവീണ് വീടിനു കേടുപാട് സംഭവിച്ചു. പഞ്ചായത്തിലെ വിവിധ മേഖലകളിൽ മഴ വ്യാപക നാശം വിതച്ചിട്ടുണ്ട്.
Post a Comment