Join News @ Iritty Whats App Group

ഹര്‍ജിക്കാരന്‍റെ മരണം; മാസപ്പടി വിവാദത്തില്‍ റിവിഷൻ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി


കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണക്കെതിരായ മാസപ്പടി വിവാദത്തില്‍ റിവിഷൻ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു. ഹർജിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവിന്‍റെ മരണം അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് സിംഗിൾ ബെ‌‌ഞ്ചിന്‍റെ നടപടി. 

മാസപ്പടി ആരോപണം അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ തളളിയിരുന്നു. ഇത് ചോദ്യംചെയ്താണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിക്കും മകള്‍ക്കും പുറമേ രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 

കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. തന്റെ വാദം കേൾക്കാതെയാണ് വിജിലൻസ് കോടതി ആവശ്യം തള്ളിയതെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. തന്റെ വാദം കൂടി കേട്ട് വിജിലൻസ് കോടതി തീരുമാനമെടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

ഹര്‍ജിക്കാരന്‍ മരിച്ച നിലയില്‍

കളമശ്ശേരി കുസാറ്റിന് സമീപത്തെ വീടിനുള്ളിലാണ് ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 47 വയസ്സായിരുന്നു. ഇന്നലെ രാത്രി വരെ സുഹൃത്തുക്കളുമായി സംസാരിച്ച ശേഷം ഒറ്റയ്ക്കാണ് മുറിയിൽ ഉറങ്ങാൻ കിടന്നത്. മാസപ്പടി കേസ് ഇന്ന് ഹൈക്കോടതിയിൽ വരുന്നതിനാൽ നേരത്തെ വിളിക്കണമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു. രാവിലെ ഏഴരയോടെ ഭാര്യ പല തവണ കതകിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് സമീപവാസികളെത്തി കതക് ചവിട്ടി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

തലച്ചോറിലെ ബ്ലോക്കിന് കഴിഞ്ഞ ഏപ്രിലിൽ ഗിരീഷ് ബാബു ചികിത്സ തേടിയിരുന്നു. ഡോക്ടർമാർ ശസ്ത്രക്രിയയും നിർദ്ദേശിച്ചിരുന്നു. വരുംദിവസങ്ങളിൽ തുടർചികിത്സക്കുള്ള ഒരുക്കത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തിൽ അസ്വാഭാവിക മരണത്തിന് കളമശ്ശേരി പൊലീസ് കേസെടുത്തു. 

സിനിമ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന ഗിരീഷ് ബാബു പിന്നീട് സജീവ പൊതുപ്രവർത്തനത്തിലേക്ക് മാറുകയായിരുന്നു. മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രതിയായ പാലാരിവട്ടം പാലം അഴിമതി, പെരിയാറിലെ മലിനീകരണം, ഏറ്റവും ഒടുവിലായി മുഖ്യമന്ത്രിക്കും മകൾക്കും എതിരായ മാസപ്പടി വിഷയം തുടങ്ങി നിരവധി കേസുകളിലെ ഹർജിക്കാരനാണ്.

Post a Comment

Previous Post Next Post
Join Our Whats App Group