Join News @ Iritty Whats App Group

നിപ്പ: ട്രൂനാറ്റ് പരിശോധനയ്ക്ക് കേരളത്തിന് അനുമതി


കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ പരിശോധിക്കാനുള്ള ട്രൂനാറ്റ് പരിശോധന നടത്താന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച് അനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലവല്‍-2 ബയോ സേഫ്റ്റി സംവിധാനമുള്ള ആശുപത്രികള്‍ക്കാണ് അനുമതി. കൂടുതല്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ഇതിലൂടെ കഴിയും. ട്രൂനാറ്റ് പരിശോധനയില്‍ നിപ്പ സാന്നിധ്യം കണ്ടെത്തുന്ന സാംപിളുകള്‍ തിരുവനന്തപുരം, തോന്നയ്ക്കല്‍, കോഴിക്കോട് വൈറോളജി ലാബുകളിലേക്ക് അയയ്ക്കാം.

മികച്ച പ്രവര്‍ത്തനവും സംഘാടനവും കൊണ്ടാണു വലിയൊരു ദുരന്തത്തെ മറികടക്കാനായതെന്നും കൂടുതല്‍ പേരെ വൈറസ് ബാധയില്‍ നിന്നു രക്ഷിക്കാന്‍ അക്ഷീണം യത്‌നിക്കുന്നവരെ നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

അതേസമയം, ഇന്നലെയും പുതിയ രോഗബാധിതരില്ല. നിപ്പ സ്ഥിരീകരിച്ചു മരിച്ച ആദ്യ രോഗി കള്ളാട് സ്വദേശി മുഹമ്മദിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ ഐസലേഷന്‍ കാലാവധി പൂര്‍ത്തിയായി. അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്കു പോലും രോഗമില്ലെന്നു സ്ഥിരീകരിച്ചത് ആശ്വാസകരമാണ്. നിപ്പ സ്ഥിരീകരിച്ച 9 വയസ്സുള്ള കുട്ടിയടക്കം ചികിത്സ
യിലുള്ള 4 പേരുടെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 323 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 317 എണ്ണം നെഗറ്റീവ് ആയി. മറ്റു നിപ്പ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 980 പേരാണ് ഇനി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്.

Post a Comment

Previous Post Next Post
Join Our Whats App Group