പുതുപ്പള്ളി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി ചാണ്ടി ഉമ്മന്‍ കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. പതിനഞ്ചാം നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തില്‍ ആയിരുന്നു സത്യപ്രതിജ്ഞ. ദൈവനാമത്തിലായിരുന്നു ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹസ്തദാനം നല്‍കി.
ഇന്ന് രാവിലെ 10ന് ആയിരുന്നു ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. സ്പീക്കറും മന്ത്രിമാരും ചാണ്ടി ഉമ്മനെ ഹസ്തദാനം ചെയ്ത് നിയമസഭയിലേക്ക് സ്വീകരിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞടുപ്പ് പ്രഖ്യാപിച്ചതോടെയായിരുന്നു താത്കാലികമായി സഭ നിറുത്തിവച്ചത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിലും വിജയിച്ചതിന്റെ ഊര്‍ജ്ജവുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്.
സത്യപ്രതിജ്ഞ ദിവസം പുതുപ്പള്ളി ഹൗസില്‍ തന്നെ കാണാനെത്തിയവരേയും അവരുടെ പരാതികളും കേട്ടറിഞ്ഞ ശേഷം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്കായിരുന്നു ആദ്യ യാത്ര. പഴവങ്ങാടി ക്ഷേത്രത്തില്‍ തൊഴുതിറങ്ങിയതിന് പിന്നാലെ ആറ്റുകാല്‍ ക്ഷേത്രവും സന്ദര്‍ശിച്ചു. അവിടെ നിന്ന് നേരെ പോയത് പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലേക്കാണ്. പ്രാര്‍ത്ഥനയ്ക്ക് ശേഷം പാളയം മുസ്ലിം പള്ളിയില്‍ പോയി കാണിക്ക ഇട്ടതിനു ശേഷമാണ് നിയമസഭയിലേക്ക് പോയത്.
ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ പ്രതിപക്ഷം സോളാര്‍ ഗൂഢാലോചനയില്‍ ചര്‍ച്ച ആവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നല്‍കി. ഷാഫി പറമ്പില്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസിന് അനുമതി ലഭിച്ചു. അടിയന്തര പ്രമേയ നോട്ടീസില്‍ സഭ നിറുത്തിവച്ച് ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തും. ഗൂഢാലോചന നടന്നുവെന്ന രേഖ സര്‍ക്കാരിന്റെ പക്കലില്ലെന്നും മാധ്യമങ്ങളില്‍ നിന്നുള്ള അറിവ് മാത്രമാണുള്ളതെന്നും വിഷയത്തില്‍ ചര്‍ച്ചയാകാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post a Comment