Join News @ Iritty Whats App Group

'ഉരുൾപൊട്ടലിനും മേഘവിസ്‌ഫോടനത്തിനും കാരണം മാംസാഹാരം'; വിവാദ പ്രസ്താവനയുമായി ഐഐടി മണ്ഡി ഡയറക്ടര്‍


ഹിമാചൽ പ്രദേശിൽ ഉരുൾപൊട്ടലും മേഘവിസ്‌ഫോടനവും സംഭവിക്കുന്നത് ആളുകൾ മാംസം കഴിക്കുന്നത് കാരണമെന്ന് ഐഐടി ഡയറക്ടർ. ഹിമാചൽ പ്രദേശിലെ മാണ്ഡി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടർ ലക്ഷ്മിധർ ബെഹ്‌റ നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു ചടങ്ങില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ”മേഘവിസ്‌ഫോടനവും ഉരുള്‍പ്പൊട്ടലും തുടര്‍ക്കഥയായിക്കൊണ്ടിരിക്കുകയാണ്. മൃഗങ്ങളോടുള്ള ക്രൂരതയുടെ ഫലമാണിത്. ജനങ്ങള്‍ മാംസാഹാരം കഴിക്കുന്നത് അവസാനിപ്പിക്കണം,” ബെഹ്‌റ പറഞ്ഞു.

”മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് തുടര്‍ന്നാല്‍ അത് ഹിമാചൽ പ്രദേശിന്റെ തകർച്ചയ്ക്ക് കാരണമാകും. നിങ്ങള്‍ നിരപരാധികളായ മൃഗങ്ങളെ ക്രൂരമായി കശാപ്പ് ചെയ്യുന്നു. പരിസ്ഥിതിയുടെ തകര്‍ച്ചയുമായി ഇതിന് ബന്ധമുണ്ട്”, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നല്ലൊരു മനുഷ്യനായി മാറണമെന്ന് ആഗ്രഹമുള്ളവര്‍ മാംസാഹാരം പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. മാംസാഹാരം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുക്കണമെന്നും ലക്ഷ്മിധർ ബെഹ്‌റ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇതാദ്യമായല്ല വിവാദ പ്രസ്താവനകളുമായി ബെഹ്‌റ രംഗത്തെത്തുന്നത്.

‘Himachal Pradesh will see a significant downfall if people don’t stop eating meat’ – Lakshmidhar Behera, Director, IIT Mandi.pic.twitter.com/woxagfOmJ0

— Diksha Verma (@dikshaaverma) September 7, 2023

കഴിഞ്ഞ വര്‍ഷമാണ് തന്റെ സുഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ദുരാത്മാക്കളെ ഒഴിപ്പിക്കാനുള്ള ബാധയൊഴിപ്പിക്കല്‍ ചടങ്ങില്‍ താന്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് അവകാശപ്പെട്ട് അദ്ദേഹം രംഗത്തെത്തിയത്. ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയില്‍ ആഗസ്റ്റ് 24നുണ്ടായ കനത്തമഴയെ തുടര്‍ന്ന് എട്ട് കെട്ടിടങ്ങള്‍ തകര്‍ന്നിരുന്നു. അതിശക്തമായ മണ്ണിടിച്ചിലും മേഘവിസ്ഫോടനവുമാണുണ്ടായത്. 24 മണിക്കൂറിനിടെ 12 മരണം റിപ്പോര്‍ട്ട് ചെയ്തു. ഹിമാചലിലെ 12 ജില്ലകളിലും ഉത്തരാഖണ്ഡിലെ 7 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു.

മാണ്ഡിയിലെ കടൗളയില്‍ മേഘ വിസ്‌ഫോടനത്തില്‍ ഒരു പ്രദേശം തന്നെ ഇല്ലാതായി. കടകള്‍, ബാങ്കുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയുള്ള കെട്ടിടങ്ങള്‍ക്ക് നാലഞ്ച് ദിവസം മുമ്പ് വിള്ളലുകള്‍ സംഭവിച്ചതായി സ്ഥലത്തുണ്ടായിരുന്ന സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നരേഷ് വര്‍മ പറഞ്ഞു. കെട്ടിടങ്ങള്‍ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ച് അടുത്തിടെ ഒഴിപ്പിച്ചിരുന്നു. നിരവധി വീടുകള്‍ ഒലിച്ചുപോയി.

ഉത്തരാഖണ്ഡിലും സ്ഥിതി വ്യത്യസ്തമല്ല. ഹരിദ്വാറിലെ ചണ്ഡീദേവി ക്ഷേത്രത്തിന് സമീപം ശക്തമായ മണ്ണിടിച്ചിലുണ്ടായി. പൗരിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചിരുന്നു. സംസ്ഥാനത്ത് 709 റോഡുകളാണ് മഴയെ തുടര്‍ന്ന് അടച്ചത്. ഈ മണ്‍സൂണില്‍ ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയാണ് ലഭിച്ചത്. തകര്‍ന്ന റോഡുകളും മറ്റും പുനഃസ്ഥാപിക്കുന്നതിനായി 165.22 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group