Join News @ Iritty Whats App Group

വൈദ്യുതി വാങ്ങാനുള്ള കരാർ അധിക ബാധ്യതയുണ്ടാക്കും; മറികടക്കണമെങ്കിൽ നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് കെഎസ്ഇബി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ വൈദ്യുതി വാങ്ങാനുള്ള കരാർ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് വൈദ്യുതി ബോർഡ്. കരാർ 3270 കോടിയുടെ അധിക ബാധ്യത ഉണ്ടാക്കുമെന്നണ് വൈദ്യുതി ബോർഡിന്റെ മുന്നറിയിപ്പ്. ബാധ്യത മറികടക്കണമെങ്കിൽ യൂണിറ്റിന് 22 പൈസ നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്നും ബോർഡ് സർക്കാരിന് മുന്നറിയിപ്പ് നൽകി.

മഴ കുറഞ്ഞതിലൂടെയും ദീർഘകാല കരാർ റദ്ദാക്കിയതിലൂടെയും സംസ്ഥാനത്തുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ കരാറിന് ടെണ്ടർ ക്ഷണിച്ചത്. അഞ്ചു വർഷത്തേക്കുള്ള കരാറിൽ യൂണിറ്റിന് 6.88 രൂപയ്ക്ക് വൈദ്യുതി നൽകാമെന്നാണ് കമ്പനികൾ സമ്മതിച്ചത്. ഇതു അഞ്ചു വർഷത്തേക്ക് 3270 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്.

5 വർഷത്തേക്ക് 403 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് കരാർ. ഈ ബാധ്യത മറികടക്കണമെങ്കിൽ യൂണിറ്റിന് 22 പൈസയുടെ നിരക്ക് വർധന ഏർപ്പെടുത്തേണ്ടി വരും. ഇടക്കാല കരാറിന് ഒരു വർഷത്തേക്ക് 2064 കോടി ചെലവാകും. ദീർഘകാല കരാറായിരുന്നെങ്കിൽ ചെലവ് 1410 കോടി മാത്രമായിരിക്കുമെന്നും ബോർഡ് വ്യക്തമാക്കുന്നു. ഭീമമായ സാമ്പത്തിക ബാധ്യത കെഎസ്ഇബി കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. പഴയ കരാർ പുന:സ്ഥാപിക്കുന്ന കാര്യം നാളത്തെ മന്ത്രിസഭായോഗം ചർച്ച ചെയ്യും.

Post a Comment

Previous Post Next Post
Join Our Whats App Group